കൊല്ലം: മൾട്ടിപ്ലക്‌സ് തിയേറ്ററുകളിലെ പരിശോധനയ്ക്കിടെ ഗുരുതര കണ്ടെത്തലിനെ തുടർന്ന് കൊല്ലം ആർപി മാളിലെ തിയേറ്റർ ഉടമയ്ക്ക് നോട്ടീസ്. ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ സംയുക്ത പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
പോപ്പ്‌കോൺ ബില്ലിൽ തൂക്കം രേഖപ്പെടുത്താത്തതിനാണ് ലീഗൽ മെട്രോളജി വകുപ്പ് മുന്നറിയിപ്പ് നോട്ടീസ് നൽകിയത്. അതേസമയം, തിയേറ്ററിലെ കഫറ്റീരിയയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തി.
പരിശോധനയിൽ മൂന്ന് ദിവസം പഴക്കമുള്ള കാലാവധി കഴിഞ്ഞ പാൽ പിടിച്ചെടുത്തു. ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഫ്രീസറിനും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ല. ഐസ്‌ക്രീം ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾ തുറന്ന നിലയിൽ സൂക്ഷിച്ചിരുന്നതായും ഇവയിൽ മുടിയും പ്രാണികളുമടക്കം കണ്ടെത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംയുക്ത സംഘമാണ് സംസ്ഥാനത്തെ വിവിധ മൾട്ടിപ്ലക്‌സ് തിയേറ്ററുകളിൽ പരിശോധന നടത്തുന്നത്. തിയേറ്ററുകളിൽ വിതരണം ചെയ്യുന്ന പോപ്പ്‌കോണിന്റെ തൂക്കം കൃത്യമായി രേഖപ്പെടുത്തുന്നുണ്ടോ, സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.
കുടിവെള്ളം ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പരിശോധനകൾ ശക്തമാക്കിയത്. കൊല്ലം കൊട്ടിയം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ തിയേറ്ററുകളിലും പരിശോധന തുടരുകയാണ്. കോട്ടയം നഗരത്തിലും ഇന്ന് സംയുക്ത പരിശോധന നടന്നു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ തിയേറ്ററുകളിലും കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നു.
പാക്ക് ചെയ്ത ഭക്ഷ്യസാധനങ്ങളുടെ വിലയുമായി ബന്ധപ്പെട്ടാണ് ലീഗൽ മെട്രോളജി വകുപ്പ് പ്രധാനമായും ഇടപെടുന്നത്. എംആർപിയേക്കാൾ അധികം തുക ഈടാക്കുകയോ സ്റ്റാൻഡേർഡ് യൂണിറ്റിൽ വ്യത്യാസം വരുത്തുകയോ ചെയ്താൽ നടപടിയെടുക്കാം. കടകളിൽ വിലവിവരം പ്രദർശിപ്പിച്ചിട്ടുണ്ടോ, അധിക വില ഈടാക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.



