ന്യൂഡൽഹി: ഇസ്രയേൽ മുൻകൈയ്യെടുക്കുന്ന സുരക്ഷാ സഖ്യത്തിൽ ഇന്ത്യ ഇന്നു ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ചില അറബ് രാജ്യങ്ങളെയും ഉൾപ്പെടുത്തി രൂപീകരിക്കുന്ന ഈ സഖ്യത്തിന്റെ പ്രധാന ലക്ഷ്യം ഇസ്ലാമിക മതമൗലികവാദത്തെ ചെറുക്കലാണെന്ന് ഇസ്രയേൽ വ്യക്തമാക്കി.
സൈനിക സാങ്കേതിക വിദ്യ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിലും ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കാൻ സാധ്യതയുണ്ട്. ‘ഐറൺ ഡോം’ പോലുള്ള പ്രതിരോധ സാങ്കേതിക വിദ്യകൾ ഇന്ത്യയ്ക്ക് ലഭിക്കാമെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം തുടരുകയാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായുള്ള പ്രത്യേക കൂടിക്കാഴ്ചയ്ക്കുശേഷം, ഇസ്രയേൽ പാർലമെന്റായ നെസ്സെറ്റിനെ അദ്ദേഹം അഭിസംബോധന ചെയ്യും. വ്യാഴാഴ്ച ഉഭയകക്ഷി ചർച്ചകൾ നടക്കും.
സൈനിക-വ്യാപാര മേഖലകളിലെ സഹകരണം വർധിപ്പിക്കുന്ന കരാറുകൾക്കും ഒപ്പുവയ്ക്കാൻ സാധ്യതയുണ്ട്. പ്രത്യേക പലസ്തീൻ രാഷ്ട്രം എന്ന ഇന്ത്യയുടെ നിലപാട് ചർച്ചകളിൽ ആവർത്തിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇറാനുമായി ബന്ധപ്പെട്ട സംഘർഷ സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിലും സന്ദർശനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പലസ്തീനിനെ പിന്തുണച്ചിരുന്ന ഇന്ത്യയുടെ പാരമ്പര്യ നിലപാട് ഉപേക്ഷിച്ചാണ് സന്ദർശനമെന്ന് പാർട്ടി ആരോപിച്ചു. കോൺഗ്രസ് നേതാവ് ജയറാം രമേശ് പലസ്തീനിയൻ പൗരന്മാർക്കെതിരായ അതിക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഈ സന്ദർശനം തെറ്റായ സന്ദേശമാണെന്ന് വിമർശിച്ചു.






