ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്. രാജ്യാന്തര സഹകരണ കൂട്ടായ്മയായ ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ചൈനയിലേക്ക് പോകുന്നത്. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ ടിയാന്‍ജിന്‍ സിറ്റിയിലാണ് ഉച്ചകോടി. പ്രാദേശിക സുരക്ഷ, ഭീകരവാദം, വ്യാപാരം തുടങ്ങിയ വിഷയങ്ങളാകും എസ്‌സിഒ ഉച്ചകോടിയില്‍ ചര്‍ച്ചയാകുക. 2020-ലെ ഗാല്‍വന്‍ സംഘര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് മോദി ചൈന സന്ദര്‍ശിക്കുന്നത്.
ഒടുവില്‍ അദ്ദേഹം ചൈന സന്ദര്‍ശിച്ചത് 2019-ല്‍ ആയിരുന്നു. ഉച്ചകോടിയ്ക്കിടെ മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന. നേരത്തെ 2024 ഒക്ടോബറില്‍ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ മോദിയും ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈനയിലേക്കുള്ള ദ്വിദിന സന്ദര്‍ശനത്തിന് മുന്നോടിയായി ഓഗസ്റ്റ് മുപ്പതാം തീയതി മോദി ജപ്പാനും സന്ദര്‍ശിക്കും.






