നാഗ്പൂർ: പടക്കം പൊട്ടിക്കുന്നത് വായുമലിനീകരണം കുറയ്ക്കാനാണെന്നും പരമ്പരാഗത ആഘോഷങ്ങൾക്ക് ശാസ്ത്രീയ അടിത്തറയുണ്ടെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പഴയകാലത്ത് പടക്കങ്ങൾ രാസവസ്തുക്കൾ ഉപയോഗിച്ചായിരുന്നില്ല നിർമിച്ചിരുന്നതെന്നും അവ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പുക അന്തരീക്ഷത്തെ ശുദ്ധീകരിക്കാൻ സഹായിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. നാഗ്പൂരിൽ മഹേശ്വരി പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഭാഗവത്.
പഴയകാലത്ത് ഉപയോഗിച്ചിരുന്ന പടക്കങ്ങളുടെ പുക പ്രാണികളെ നശിപ്പിക്കാനും സഹായിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. ചിലർ തടയാൻ ശ്രമിച്ചാലും ഉത്സവങ്ങൾ അവയുടെ പരമ്പരാഗതവും ശുദ്ധവുമായ പൂർണരൂപത്തിൽ തന്നെ ആഘോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നെയ്യും എണ്ണയും ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ ദീപങ്ങൾ തെളിയിക്കുന്നതിനും പ്രത്യേക ശാസ്ത്രീയ അടിത്തറയുണ്ടെന്ന് മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. ഇത്തരം ആചാരങ്ങൾ അന്തരീക്ഷത്തിൽ പ്രത്യേകതരം വായു സൃഷ്ടിക്കുമെന്നും പരിസ്ഥിതി ശുദ്ധമായി നിലനിർത്താനും മനുഷ്യജീവിതത്തിൽ സന്തോഷം കൊണ്ടുവരാനും സഹായിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം.
പരമ്പരാഗത ആഘോഷങ്ങളും ആചാരങ്ങളും സംരക്ഷിക്കുന്നത് വ്യക്തികളുടെയും സമൂഹത്തിന്റെയും മനുഷ്യരാശിയുടെയും പരിസ്ഥിതിയുടെയും സുരക്ഷയ്ക്ക് സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദീപാവലിക്ക് ആഗോള അംഗീകാരമെന്ന് അവകാശവാദം
ദീപാവലി ആഘോഷത്തിന് ഇന്ന് ലോകമെമ്പാടും പ്രാധാന്യം ലഭിക്കുന്നുണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഒരുകാലത്ത് ഇന്ത്യയിൽ മാത്രം പ്രധാനമായും ആഘോഷിച്ചിരുന്ന ദീപാവലി ഇന്ന് അമേരിക്കൻ, ബ്രിട്ടീഷ് പാർലമെന്റുകളിൽ പോലും ആഘോഷിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്സവകാലത്ത് ദാനധർമങ്ങൾ നടത്തുന്നത് ഭാരതീയ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ദീപാവലി ദിനത്തിൽ ഓരോ ഇന്ത്യക്കാരനും സന്തോഷത്തോടെയും ശുദ്ധമായ മനസ്സോടെയും സേവനത്തിന് സന്നദ്ധനായിരിക്കണമെന്ന സന്ദേശം ലോകം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മലിനീകരണത്തിന്റെ പേരിൽ പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങൾ ഒഴിവാക്കരുതെന്ന നിലപാടുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു. പടക്കങ്ങൾ മൂലം മലിനീകരണമുണ്ടായാൽ തന്നെ അത് കാലക്രമേണ കുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഴിമതിയിലൂടെ സംവിധാനത്തെ മലിനമാക്കുന്നവരെ ആരും ചോദ്യം ചെയ്യുന്നില്ലെന്നും എന്നാൽ ജനങ്ങൾ ഒരു ദിവസം പടക്കം പൊട്ടിച്ച് ആഘോഷിക്കുമ്പോൾ മലിനീകരണത്തിന്റെ പേരിൽ വിമർശനങ്ങൾ ഉയരുകയാണെന്നും യോഗി കുറ്റപ്പെടുത്തി.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ വായുമലിനീകരണം രൂക്ഷമാകുന്നതിനിടെയാണ് നേതാക്കളുടെ ഈ പരാമർശങ്ങൾ ശ്രദ്ധ നേടുന്നത്. ഡൽഹി, നോയിഡ, ഗുരുഗ്രാം തുടങ്ങിയ മേഖലകളിൽ കനത്ത പുകമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. പല പ്രദേശങ്ങളിലും വായുഗുണനിലവാര സൂചിക (AQI) 400ന് മുകളിലെത്തിയതോടെ സ്ഥിതി അതീവ ഗുരുതര വിഭാഗത്തിലേക്ക് മാറിയിരുന്നു.
നവംബർ ഒൻപതിന് ഡൽഹിയിലെ വായുഗുണനിലവാരവും മോശം നിലയിലായിരുന്നു. വായുമലിനീകരണവും പടക്കങ്ങളുടെ ഉപയോഗവും സംബന്ധിച്ച ആശങ്കകൾ ശക്തമാകുന്നതിനിടെയാണ് പരമ്പരാഗത ആഘോഷങ്ങളെക്കുറിച്ചുള്ള മോഹൻ ഭാഗവതിന്റെയും യോഗി ആദിത്യനാഥിന്റെയും പ്രതികരണങ്ങൾ പുറത്തുവരുന്നത്.


