തിരുവനന്തപുരം: സംസ്ഥാനത്തെ കാലവർഷക്കെടുതിയിൽ കെഎസ്ഇബിയ്ക്ക് കനത്ത നഷ്ടം. നിലവിലെ കണക്കുകൾ പ്രകാരം 257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. ലഭ്യമായ കണക്കുകൾ പ്രകാരം വിതരണമേഖലയിൽ ഏകദേശം 26 കോടി 89 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 7,12,679 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു.
ഇതിൽ 5,39,976 ഉപഭോക്താക്കൾക്ക് ഇതിനോടകം വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നൽകി. ബാക്കിയുള്ള വൈദ്യുതി തകരാറുകൾ പരിഹരിക്കാനുള്ള ഊർജിത ശ്രമം നടക്കുകയാണ്. വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലോ, 9496010101 എന്ന എമർജൻസി നമ്പറിലോ അറിയിക്കേണ്ടതാണ്. എമർജൻസി ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ് ഈ നമ്പർ.






