ബ്രസീലിയ: ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളിലൊന്നായ മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരമായി നമ്മുടെ വീട്ടുമുറ്റത്തെ മുരിങ്ങ. കുടിവെള്ളത്തിലെ പ്ലാസ്റ്റിക് തരികളെ 99 ശതമാനത്തോളം നീക്കം ചെയ്യാൻ മുരിങ്ങ വിത്തുകൾക്ക് കഴിയുമെന്ന് ബ്രസീലിലെയും യുകെയിലെയും ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ടാപ്പ് വെള്ളത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്ന മൈക്രോപ്ലാസ്റ്റിക്കുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ കണ്ടെത്തൽ ശ്രദ്ധേയമാകുന്നത്.
മുരിങ്ങ വിത്തുകൾ പൊടിച്ച് വെള്ളത്തിൽ ചേർക്കുമ്പോൾ അതിലെ പ്രോട്ടീനുകൾ പ്ലാസ്റ്റിക് തരികളെ ഒരു കാന്തികശക്തി പോലെ ആകർഷിച്ച് കട്ടപിടിപ്പിക്കുകയും വെള്ളത്തിന്റെ അടിത്തട്ടിലേക്ക് മാറ്റുകയും ചെയ്യുന്നു. രാസവസ്തുക്കൾ കലരാത്ത ഏറ്റവും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ജലശുദ്ധീകരണ മാർഗമാണിതെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ അഡ്രിയാനോ ഗോൺസാൽവസ് ഡോസ് റെയ്‌സ് വ്യക്തമാക്കുന്നു. പുരാതന കാലം മുതൽക്കേ ജലശുദ്ധീകരണത്തിന് മുരിങ്ങ ഉപയോഗിച്ചിരുന്നെങ്കിലും, മൈക്രോപ്ലാസ്റ്റിക്കുകളെ പ്രതിരോധിക്കാനുള്ള ഇതിന്റെ ശേഷി ആധുനിക വൈദ്യശാസ്ത്രത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഭക്ഷ്യയോഗ്യമായ വിത്തുകൾ ഉപയോഗിക്കുന്നതിനാൽ പാർശ്വഫലങ്ങളില്ലാത്തതും ചെലവ് കുറഞ്ഞതുമായ ഈ രീതി വികസ്വര രാജ്യങ്ങളിലെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. വൻകിട ശുദ്ധീകരണ പ്ലാന്റുകൾ ലഭ്യമല്ലാത്ത ഇടങ്ങളിൽ സാധാരണക്കാർക്ക് പോലും ഈ ‘മുരിങ്ങ മാജിക്’ പരീക്ഷിച്ച് ശുദ്ധജലം ഉറപ്പാക്കാം. കുടിവെള്ളത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിലൂടെ മനുഷ്യശരീരത്തിലെ ആന്തരിക അവയവങ്ങളെ പ്ലാസ്റ്റിക് മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കാൻ ഈ പ്രകൃതിദത്ത മാർഗം സഹായിക്കുമെന്ന് ഇന്റർനാഷണൽ ജേർണലുകളിൽ പ്രസിദ്ധീകരിച്ച പഠനം അടിവരയിടുന്നു.




