ന്യൂജഴ്‌സി: അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ സ്വന്തം മക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജയായ മാതാവ് അറസ്റ്റില്‍. ഹില്‍സ്‌ബറോയിലെ വസതിയില്‍ അഞ്ചും ഏഴും പ്രായമുള്ള കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടർന്നാണ് പ്രിയദർശിനി നടരാജനെ (35) പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയുടെ ഭർത്താവാണ് കുട്ടികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടനെതന്നെ പൊലീസിനെ വിവരമറിയിച്ചു. ഷെല്‍ കോർട്ടിലെ വീട്ടിലെത്തിയ ഉദ്യോഗസ്ഥരും മെഡിക്കല്‍ ടീമും കുട്ടികളെ രക്ഷിക്കാൻ പരമാവധ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ട് കുട്ടികളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇതോടെ പ്രിയദർശിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. കുടുംബാംഗങ്ങളുടെയും അയല്‍വാസികളുടെയും മൊഴികള്‍ പൊലീസ് രേഖപ്പെടുത്തി വരികയാണ്. കൊലപാതകം, മാരകായുധം കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.




