മുംബൈ: നടൻ ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിൽ പരിശോധന നടത്തി വനംവകുപ്പും മുംബൈ കോർപ്പറേഷനും. തീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വീടായതിനാൽ തീര സംരക്ഷണ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് നടപടി. ആവശ്യമായ എല്ലാ രേഖകളും വിവരങ്ങളും നൽകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഷാരൂഖ് ഖാന്റെ ഓഫീസ് അറിയിച്ചു. സാമൂഹിക പ്രവർത്തകനായ സന്തോഷ് ദൗർക്കറാണ് പരാതി നൽകിയത്. ഷാറൂഖ് ഖാന്റെ മന്നത്ത് ബംഗ്ലാവിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ട് ഏതാനും മാസങ്ങൾ കഴിയുമ്പോഴാണ് ഇത്തരത്തിലൊരു പരിശോധന നടക്കുന്നത്.
ഗ്രേഡ് ടു ബി പൈതൃക പട്ടികയിൽ ഇടം നേടിയിരിക്കുന്ന പ്രോപ്പർട്ടി ആയതിനാൽ മന്നത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രത്യേക അനുമതി ആവശ്യമായിരുന്നു. 2024 നവംബറിലാണ് ഇതിനുള്ള അപേക്ഷ ഗൗരി ഖാൻ സമർപ്പിച്ചത്. മഹാരാഷ്ട്ര കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി അനുമതി നൽകുകയും ചെയ്തു. 25 കോടി രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി ഷാറൂഖ് ചെലവഴിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.
Content: Mumbai Corporation inspects actor Shah Rukh Khan’s residence Mannat




