കൊച്ചി: മുണ്ടംവേലി ലൈഫ് മിഷൻ ഫ്‌ളാറ്റിലെ താമസക്കാർക്കെതിരെ നടത്തിയ വിവാദ പരാമർശം പിൻവലിച്ച് മുൻ എംഎൽഎ കെ ജെ മാക്‌സി. തന്റെ പരാമർശം ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പരാമർശം പിൻവലിക്കുന്നതായും കെ ജെ മാക്‌സി പറഞ്ഞു.
നേരത്തെ, ഒന്നുമില്ലാത്തവർക്ക് എൽഡിഎഫ് സർക്കാർ എല്ലാം നൽകിയെന്നും സർക്കാർ മാറിയതോടെ ഫ്‌ളാറ്റ് നിവാസികളുടെ അഭിപ്രായവും മാറിയെന്നുമായിരുന്നു കെ ജെ മാക്‌സിയുടെ പരാമർശം. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
അതേസമയം, ഫ്‌ളാറ്റ് നിവാസികളുടെ ജീവിതം സുരക്ഷിതമാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് കെ ജെ മാക്‌സി വ്യക്തമാക്കി. ഫ്‌ളാറ്റ് നിർമാണത്തിൽ അപാകതകളുണ്ടെങ്കിൽ വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ പരിശോധിക്കണം. പൊളിക്കേണ്ട സാഹചര്യമാണെങ്കിൽ പൊളിക്കണമെന്നും അറ്റകുറ്റപ്പണി മതിയെങ്കിൽ അത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഫ്‌ളാറ്റ് നിർമാണ സമയത്ത് മദ്രാസ് ഐഐടിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും നിർമാണത്തിലെ അപാകതകൾക്ക് കാരണമെന്തെന്ന് കണ്ടെത്താൻ വിദഗ്ധ പരിശോധന ആവശ്യമാണെന്നും കെ ജെ മാക്‌സി പറഞ്ഞു. ഫ്‌ളാറ്റിൽ താമസിക്കുന്ന 82 കുടുംബങ്ങളെയും സംരക്ഷിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും കെ ജെ മാക്‌സി ആരോപിച്ചു.
എന്നാൽ പരാമർശം പിൻവലിച്ചതുകൊണ്ട് മാത്രം മതിയാകില്ലെന്നും കെ ജെ മാക്‌സി മാപ്പ് പറയണമെന്നും ഫ്‌ളാറ്റ് നിവാസിയായ അഭിലാഷ് പ്രതികരിച്ചു. ഫ്‌ളാറ്റിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും വിവാദ പരാമർശം ഏറെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. മാപ്പ് പറഞ്ഞില്ലെങ്കിൽ സിപിഐഎം ജില്ലാ നേതൃത്വം മാപ്പ് പറയണമെന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും അഭിലാഷ് വ്യക്തമാക്കി.
മറ്റ് ഫ്‌ളാറ്റ് നിവാസികളും കെ ജെ മാക്‌സിയുടെ പരാമർശത്തിൽ പ്രതിഷേധിച്ചു. ഫ്‌ളാറ്റ് വാസയോഗ്യമല്ലെന്നും താമസക്കാരെ പട്ടയം നൽകി മറ്റൊരു സ്ഥലത്തേക്ക് പുനരധിവസിപ്പിക്കണമെന്നുമാണ് അവരുടെ ആവശ്യം. നിർമാണത്തിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും നിവാസികൾ ആവശ്യപ്പെട്ടു.
മുണ്ടംവേലിയിലെ ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചുനീക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയോട് പ്രതികരിക്കവെയായിരുന്നു കെ ജെ മാക്‌സിയുടെ വിവാദ പരാമർശം. ഫ്‌ളാറ്റ് നിർമാണം കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും പിന്നീട് അപാകതകൾ കണ്ടെത്തിയപ്പോൾ തന്നെ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
ഫ്‌ളാറ്റ് പൊളിക്കണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രശ്‌നങ്ങൾ അറ്റകുറ്റപ്പണികളിലൂടെ പരിഹരിക്കാനാകുമെന്നും കെ ജെ മാക്‌സി പറഞ്ഞിരുന്നു. ഇതിനെതിരെ മുഹമ്മദ് ഷിയാസ് എംഎൽഎ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.


