Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡീലെന്ന് മുരളീധരന്‍, പേടിച്ചിട്ട് പറയുന്നതെന്ന് മേയര്‍ ബ്രോ; വട്ടിയൂര്‍ക്കാവില്‍ സംഭവിക്കുന്നതെന്ത്?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരള രാഷ്ട്രീയത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കത്തിനില്‍ക്കുന്ന വിഷയമാണ് പലവിധ ഡീല്‍ ആരോപണങ്ങള്‍. അക്കൂട്ടത്തിലെ ഏറ്റവും പുതിയ എന്നാല്‍ കുറച്ചുകൂടി ഗൗരവകരമായ ആരോപണം വന്നിരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലേത്. സംസ്ഥാനത്ത് കടുത്ത ത്രികോണ പോരാട്ടം നടക്കുന്ന അപൂര്‍വ്വം മണ്ഡലങ്ങളിലൊന്ന്. ഇവിടെ ഉയര്‍ന്നിരിക്കുന്ന ആരോപണത്തിനും അത്രയും തീവ്രതയുണ്ട്. മറ്റ് മണ്ഡലങ്ങളിലേത് പോലെ തന്നെ ഇവിടേയും പോരിന് തുടക്കമിട്ടിരിക്കുന്നത് കോണ്‍ഗ്രസ് തന്നെ.

മൂന്നാം സ്ഥാനത്തുള്ളവര്‍ ഒന്നാമതെത്തുകയും ഒന്നാമന്‍ മൂന്നാമതാകുകയും ചെയ്ത ചരിത്രമുള്ള വട്ടിയൂര്‍ക്കാവില്‍ ഇക്കുറി പോരാട്ടം മുറുകുമ്പോള്‍ ഹൈ പ്രൊഫൈല്‍ നേതാക്കളുടെ സാന്നിധ്യവും കത്തിപ്പടരുന്ന വിവാദങ്ങളും മണ്ഡലത്തെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കുന്നു.

വിഷയം സിപിഎം-ബിജെപി ഡീല്‍ തന്നെ, പക്ഷേ ഇത്തവണ അല്‍പ്പം കൂടിയൊന്ന് കടന്നുപോയിട്ടുണ്ട്. മണ്ഡലത്തിലെ ബിജെപി കൗണ്‍സിലര്‍മാര്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ആരോപിക്കുന്നത്. വേണ്ടി വന്നാല്‍ അവരുടെയെല്ലാം പേരും പുറത്ത് വിടുമെന്നും മുരളീധരന്‍ പറയുന്നു. നേമത്തെ അക്കൗണ്ട് പൂട്ടിച്ച പകയാണേ്രത ബിജെപിക്ക് തന്നോട്. രാവിലെ ആര്‍ ശ്രീലേഖക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബിജെപി കൗണ്‍സിലര്‍മാര്‍ രാത്രി പ്രശാന്തിനൊപ്പമാണെന്നും മുരളീധരന്‍ ആരോപിക്കുന്നുണ്ട്.

എന്തായാലും ഇതും കേട്ട് മിണ്ടാതിരിക്കുന്നില്ല മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത്. വട്ടിയൂര്‍ക്കാവില്‍ മുരളീധരന്‍ പരാജയം ഉറപ്പിച്ചുകഴിഞ്ഞെന്നും അതുകൊണ്ടാണ് മണ്ഡലത്തില്‍ സിപിഐഎം-ബിജെപി ഡീല്‍ എന്ന് ആരോപിക്കുന്നതെന്നും പ്രശാന്ത് തിരിച്ചടിച്ചു. ഒപ്പം, തോറ്റതിന് ശേഷം പറയാന്‍ പോകുന്ന ന്യായീകരണം ഇപ്പോഴെ പറയുന്നതായി കണക്കാക്കിയാല്‍ മതിയെന്ന ഒരു പരിഹാസവും. മുരളീധരന്റെ ആരോപണം അസംബന്ധമെന്നും ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയില്ലായെന്നുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ പ്രതികരിച്ചത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായിട്ടും തൊട്ടടുത്ത നേമത്ത് വന്‍ സന്നാഹങ്ങളുണ്ടായിട്ടും വട്ടിയൂര്‍ക്കാവിലെ ബിജെപിക്ക് തണുപ്പന്‍ മട്ടാണെന്നതാണ് മുരളീധരന്റെ സംശയത്തിന് പിന്നില്‍. എന്നാല്‍ നേതൃത്വവുമായി പലപ്പോഴും ഇടഞ്ഞ ശ്രീലേഖ നില്‍ക്കുന്നതിലുള്ള ഇഷ്ടക്കുറവാണ് പ്രവര്‍ത്തകരുടെ തണുപ്പന്‍ പ്രതികരണത്തിന് പിന്നിലെന്ന അഭ്യൂഹങ്ങളും ചിലര്‍ പങ്കുവെക്കുന്നു.

പാലക്കാടും എറണാകുളത്തും മറ്റും വിഡി സതീശന്‍ ഉയര്‍ത്തുന്ന ഡീല്‍ ആരോപണങ്ങളുടെ ചുവട് പിടിച്ച് തന്നെയാണ് വട്ടിയൂര്‍ക്കാവിലും മുരളീധരന്‍ കാര്‍ഡ് ഇറക്കിയിരിക്കുന്നത്. മുരളീധരനെ സംബന്ധിച്ച് തന്റെ രാഷ്ട്രീയ കരിയറിലെ പൊന്‍തൂവലായ വട്ടിയൂര്‍ക്കാവില്‍ ഒരു തോല്‍വി ഒരുപക്ഷേ സഹിക്കാവുന്നതിലും അപ്പുറമാകാം. ബിജെപിക്ക് മികച്ച സംഘടന സംവിധാനമുള്ള മണ്ഡലമാണിത്.

കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്ന നിയമസഭ മന്ദിരം സ്ഥിതി ചെയ്യുന്ന മണ്ഡലം, ഉയര്‍ന്ന സാക്ഷരതയുള്ള വോട്ടര്‍മാര്‍, മാറിമറിയുന്ന സാമുദായിക സമവാക്യങ്ങള്‍ എല്ലാം ചേര്‍ന്നതാണ് വട്ടിയൂര്‍ക്കാവ്. കേവലം 15 വര്‍ഷത്തെ മാത്രം പ്രായമുള്ള ഈ മണ്ഡലം ഇതിനോടകം തന്നെ കേരളത്തിന് സമ്മാനിച്ചത് അപ്രതീക്ഷിത രാഷ്ട്രീയ ട്വിസ്റ്റുകളാണ്.

രൂപീകരിക്കപ്പെട്ടതു മുതല്‍ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായിരുന്ന വട്ടിയൂര്‍ക്കാവ് 2019 ലെ ഉപതെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് പിടിക്കുന്നത്. 2021 ല്‍ വി കെ പ്രശാന്ത് വിജയം ആവര്‍ത്തിക്കുകയായിരുന്നു. 2011 ലെ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ 16,167 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചെറിയാന്‍ ഫിലിപ്പിനെ പരാജയപ്പെടുത്തിയത്. 2016ല്‍ കെ മുരളീധരന്‍ മണ്ഡലം നിലനിര്‍ത്തുകയും ബിജെപി കുമ്മനം രാജശേഖരനിലൂടെ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 2019ല്‍ മുരളീധരന്‍ വടകര ലോക്‌സഭാ സീറ്റില്‍ മത്സരിക്കാന്‍ പോയതിനെ തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പിലാണ് വി കെ പ്രശാന്ത് 14,465 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചത്. നായര്‍ വോട്ടുകളുടെ ധ്രുവീകരണത്തിന് ബദലായി ന്യൂനപക്ഷ വോട്ടുകളും പിന്നാക്ക ഹിന്ദു വോട്ടുകളും പ്രശാന്തിലേക്ക് ഏകീകരിക്കപ്പെട്ടതാണ് അന്ന് കണ്ട കാഴ്ച.

ഏഴ് വര്‍ഷമായി എംഎല്‍എ ആയിരിക്കുന്ന വി.കെ. പ്രശാന്ത് 1865 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്തിയിട്ടുണ്ട്. യുവാക്കള്‍ക്കിടയില്‍ പ്രശാന്തിന് വലിയ സ്വാധീനമുണ്ട്. പ്രശാന്തിന്റെ വ്യക്തിഗതമായ കൂട്ടായ്മകളാണ് മണ്ഡലത്തില്‍ ഇടതുപക്ഷത്തെ ചലിപ്പിക്കുന്നത്. ഇത്തവണ ശ്രീലേഖ കൂടിയെത്തിയപ്പോള്‍ മത്സരം കൂടുതല്‍ കടുത്തു.

ചുരുക്കത്തില്‍, വികസനത്തുടര്‍ച്ചയും രാഷ്ട്രീയ അട്ടിമറികളും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് വട്ടിയൂര്‍ക്കാവ് സാക്ഷ്യം വഹിക്കുന്നത്. കെ. മുരളീധരന്‍ ഉയര്‍ത്തിയ ബിജെപി-സിപിഎം വോട്ട് കച്ചവട ആരോപണം വരുംദിവസങ്ങളില്‍ മണ്ഡലത്തിലെ രാഷ്ട്രീയ ചര്‍ച്ചകളെ കൂടുതല്‍ പ്രക്ഷുബ്ധമാക്കും. വി.കെ. പ്രശാന്തിന്റെ വ്യക്തിപ്രഭാവവും വികസന നേട്ടങ്ങളും ഒരുവശത്തും, മുരളീധരന്റെ മണ്ഡലവുമായുള്ള പഴയ ആത്മബന്ധം മറുവശത്തും നില്‍ക്കുമ്പോള്‍ ആര്‍. ശ്രീലേഖ പിടിക്കുന്ന വോട്ടുകള്‍ ആരുടെ ജയപരാജയങ്ങളെ നിര്‍ണ്ണയിക്കും എന്നത് നിര്‍ണ്ണായകമാണ്. നായര്‍ വോട്ടുകളുടെ ധ്രുവീകരണവും എന്‍എസ്എസ് നിലപാടും വട്ടിയൂര്‍ക്കാവിന്റെ വിധി നിശ്ചയിക്കുന്ന ഘടകങ്ങളാകുമ്പോള്‍, ആരോപണങ്ങളുടെ പുകമറയ്ക്കുള്ളില്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന പ്രബുദ്ധരായ വോട്ടര്‍മാരുടെ തീരുമാനം കേരള രാഷ്ട്രീയത്തില്‍ തന്നെ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

About Us

Whiteswan TV is a premier digital news platform committed to delivering accurate, timely, and unbiased news to our global audience. With a focus on Kerala and India, we bring you closer to the stories that matter.

Top categories

whiteswantvnews.com@2023. All Rights Reserved.