Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘സംഗീത൦’ അറിയും തോറും അകലം കൂടുന്ന മഹാസാഗരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാട്ടുകളെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല അല്ലെ? മനുഷ്യരുടെ ഓരോ വികാരങ്ങളും അവർക്ക് കൂട്ടായി എപ്പോഴു ഒരു പാട്ടുണ്ടാകും. പാട്ടുകളെ ഇഷ്ടപ്പെടുന്നവർ പലതാണ്, പല തരമാണ്,പലവികാരമാണ്, അത് ഇങ്ങനെ നീളുന്നു… സംഗീത൦ എന്ന് പറയുന്നത് അങ്ങനെയാണ് വേദനകളെ പോലും വേദാന്തമാക്കുന്ന സപ്തസ്വരങ്ങൾ. ഇന്നത്തെ കാലത്ത് പലതരം പാട്ടുകളാണുള്ളത്, മെലഡി റാപ് പോപ്പ് അങ്ങനെ നീളുകയാണ് ഓരോ ടൈപ്പ് പാട്ടുകളും. എന്നാലും ഇന്ന് ആധുനികത എല്ലാ വശത്തുനിന്നും മനുഷ്യനെ മൂടുന്നെങ്കിലും ആ പഴയ ഗാനങ്ങളുടെ ശ്രുതിമധുരത്തിന് അന്നുമിന്നും മലയാളി ഹൃദയങ്ങളിൽ ആഴത്തിൽ വേരോട്ടമുണ്ട്. പോപ്പും റാപ്പും ഹിപ് ഹോപ്പുമെല്ലാം വേദി കീഴടക്കുന്നു എന്ന് പറയുമ്പോഴും എൺപതുകളിലെയും തൊണ്ണൂറുകളിലെയും സിനിമാ ഗാനങ്ങളിലെ വരികൾ മനഃപാഠമല്ലാത്ത മലയാളികളുണ്ടാകുമോ എന്നുള്ളതും അവ ഇടയ്ക്കെങ്കിലും മൂളിപ്പാടാത്തവരുണ്ടാകുമോ? എന്നുള്ളതും ഒരു ചോദ്യം തന്നെയാണല്ലേ? കാലത്തിന്റെ അതിർവരമ്പുകളില്ലാതെ ഇന്നും ആ ഗാനങ്ങളെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നവരാണ് നമ്മൾ ഒരോരുത്തരും. ഇന്ന് ജൂൺ 21 ആണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ 25–ാം സംഗീതദിനം. മനുഷ്യ ജീവിതത്തിന്റെ താളം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിന്റെ പ്രാധാന്യം എന്താണെന്ന് നമ്മളറിയുന്നു…

തലമുറകളില്ലാതെ ഹൃദയത്തിൽ പടർന്നുപിടിക്കുന്ന ഒരുതരം മാജിക് പഴയകാല ഗാനങ്ങൾക്കുണ്ടെന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ ഏപ്പോഴും നമ്മൾ അവയെ ക്ലാസിക് എന്ന് വിശേഷിപ്പിക്കുന്നത്. പഴയ ഗാനങ്ങളുടെ വശ്യത ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്നത് പുതിയ കാലത്തെ സിനിമകൾ ആണെന്ന് പറഞ്ഞാൽ തെറ്റാവില്ലെന്നാണ് വിശ്വാസം. മലയാളത്തിൽ അടുത്തിടെയിറങ്ങിയ എത്ര സിനിമൾ ഈ സാധ്യത മുതലെടുത്തിട്ടുണ്ട്. നായകന്റെ നെടുനീളൻ ഡയലോഗുകൾക്കും മാസ് രംഗങ്ങൾക്കും കിട്ടുന്നതിനേക്കാൾ കയ്യടികളും ആർപ്പു വിളികളും ഈ ഗാന ശകലങ്ങൾക്ക് കിട്ടി എന്നതാണ് വസ്തുത.

‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിൽ ‘ദേവദൂതർ പാടി’ എന്ന ഗാനം രതീഷ് ബാലകൃഷ്ണ പൊതുവാൾ ഉൾപ്പെടുത്തിയത് നമ്മൾ എല്ലാവരും കണ്ടതാണ്. ഒരുകാലത്ത് ഗാനമേളകളെ ഉത്സവ ലഹരിയിലാഴ്ത്തിയിരുന്ന പാട്ടായിരുന്നു ‘ദേവദൂതർ’ പാടി എന്നത്. സിനിമ കാണുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് ഓർമകളുടെ വാതായനം തുറന്നു കൊടുക്കുകയായിരുന്നില്ലേ ആ മൂന്ന് മിനുട്ട് രംഗം. കൊഴുമ്മൽ രാജീവന്റെ അതേ ‘വൈബിൽ’ ആയിരിക്കും പ്രേക്ഷകരും ആ ഗാനരംഗം ആസ്വദിച്ചത് അല്ലെ. 1985ൽ പുറത്തിറങ്ങിയ ‘കാതോട് കാതോരം’ എന്ന ഭരതൻ ചിത്രത്തിലെ ഗാനമാണ് ദേവദൂതർ പാടി’. ഔസേപ്പച്ചന്റെ സംഗീതത്തിന് ഒ എൻ വി കുറുപ്പാണ് വരികളെഴുതിയത്. കെ ജെ യേശുദാസ്, കൃഷ്ണചന്ദ്രൻ, ലതിക, രാധിക വാര്യർ എന്നിവർ ചേർന്നാണ് ഈ ഒരു ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയും അതിലെ ഗാനവും അന്നും ഇന്നും ഹിറ്റ് ആണ്.

പാട്ടിഷ്ടക്കാരുടെ ഫേവറൈറ്റ് ലിസ്റ്റിൽ ഇന്നുമുണ്ട് ആ തമിഴ് ഗാനം, മലയാള സിനിമാ ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടം കൈവരിച്ച ഒരു ചിത്രത്തിന്റെ ആത്മാവായതും സമീപ വർഷങ്ങളിൽ നമ്മൾ കണ്ടിരുന്നു. ‘കണ്മണി അൻപോടു കാതലൻ നാൻ എഴുതും കടിതമേ’ എന്ന പ്രണയഗാനത്തിന്റെ മാനം തന്നെ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമ മാറ്റിമറച്ചു അല്ലെ! പിന്നീട് കേട്ടവർക്കൊക്കെയും അതിലൊരു സൗഹൃദത്തിന്റെ ശ്രുതി കൂടി ആസ്വദിക്കാനായി. ഇളയരാജ മാജിക്‌ തലമുറകളുടെ അതിർത്തി ഭേദിച്ച് ഹൃദയങ്ങൾ കീഴടക്കിയപ്പോൾ മഞ്ഞുമ്മൽ ബോയ്സ് പറന്നുയർന്നത് കോടി ക്ലബ്ബിലേക്കാണ്.

1991ൽ പുറത്തിറങ്ങിയ ഗുണ എന്ന സിനിമയിലൂടെയാണ് ‘കണ്മണി അൻപോടു കാതലൻ’ എന്ന ഗാനം പിറന്നത്. വാലിയുടെ വരികൾക്ക് ഇളയരാജയാണ് സംഗീതം പകർന്നത്. ജാനകിയമ്മയുടെയും കമൽഹാസന്റെയും ശബ്ദ മാധുര്യംകൂടി ചേർന്നപ്പോൾ പാട്ടിനെ തലമുറകൾ അങ്ങ് ഏറ്റെടുക്കുകയായിരുന്നു.

ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ബ്ലോക്ക്ബസ്റ്ററിലും കയ്യടി കൊണ്ടുപോയത് ആ ഗിരീഷ് പുത്തഞ്ചേരി– എസ്പി വെങ്കിടേഷ് ഗാനമാണ്. 1992ൽ പുറത്തിറങ്ങിയ ‘ജോണി വാക്കർ’ എന്ന മമ്മൂട്ടി ചിത്രത്തിലെ ‘ശാന്തമീ രാത്രിയിൽ’ ഗാനത്തിനൊത്ത് മോഹൻലാൽ ചുവടുവച്ചപ്പോൾ കൂടെ ആടിയത് പ്രേക്ഷകർ കൂടിയാണ്. കെജെ യേശുദാസാണ് ചിത്രത്തിൽ ഗാനം അലപിച്ചത്.

ഗിരീഷ് എഡി സംവിധാനം ചെയ്ത് ഹിറ്റാക്കിയ ‘പ്രേമലു’ എന്ന സിനിമയിലും കാണാനായി ഒരുപഴയ പാട്ടിന്റെ പല്ലവി. 1996ൽ പുറത്തിറങ്ങിയ ‘ദേവരാഗം’ എന്ന ചിത്രത്തിലെ കീരവാണി സംഗീതം പ്രേമലുവിലൂടെ വീണ്ടും കേട്ടപ്പോൾ യുവ തലമുറ അതിനെ ആഘോഷമാക്കിയത് റീലുകളിലൂടെയാണ്. ‘യയയാ യാദവാ എനിക്കറിയാം’ എന്ന ഗാനത്തിന്റെ പല സാധ്യതകളാണ് പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്. കെഎസ് ചിത്രയും പി ഉണ്ണികൃഷ്ണനും ചേർന്നാണ് ഗാനം ആലപിച്ചത്. എംഎം കീരവാണിയുടെ സംഗീതത്തിന് എംഡി രാജേന്ദ്രനാണ് വരികളെഴുതിയത്. ‘ദേവരാഗം’ റിലീസായപ്പോൾ ചിത്രത്തിലെ മറ്റ് ഗാനങ്ങളായിരുന്നു അക്കാലത്ത് ഹിറ്റായിരുന്നത്.

കാനഡയിലെ കൊടും തണുപ്പിൽ ഏകാന്ത ജീവിതം നയിക്കുന്ന നായകന്റെ സങ്കടവും ഏകാന്തതയും അവതരിപ്പിക്കാനും യുവ സംവിധായകൻ ഉപയോഗിച്ചത് ഒരു പഴയ ഹിറ്റ് ഗാനമാണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിലെ ‘മിഴിയോരം’ എന്ന ഗാനം വീണ്ടും ‘ജാൻ എ മൻ’ സിനിമയിലൂടെ ആഘോഷിക്കപ്പെട്ടു. ജെറി അമൽദേവാണ് ഗാനത്തിന്റെ സംഗീതം നിർവഹിച്ചത്. ബിച്ചു തിരുമലയുടേതായിരുന്നു വരികൾ. ഈ രീതിയിൽ പഴയ സിനിമാ ഗാനങ്ങളുടെ അഴകും കഴിവും ഉപയോഗപ്പെടുത്തിയ ഒരുപിടി സിനിമകളുണ്ട് മലയാളത്തിൽ. അവയൊക്കെയും ആ സിനിമകളുടെ ഭംഗി കൂട്ടുകയേ ചെയ്തിട്ടുള്ളൂ എന്നിടത്താണ് പഴയ ഗാനങ്ങളുടെ പ്രസക്തി എന്ന് പറയുന്നത് .

പഴയ ഗാനങ്ങൾ പുതിയ സിനിമയിൽ ഉപയോഗിച്ചതിന് വലിയ ഒച്ചപാടുകളുണ്ടായതും സമീപകാലത്ത് കണ്ടു. ‘മഞ്ഞുമ്മൽ ബോയ്സ്’ അടക്കമുള്ള സിനിമകൾ നിയമനടപടികൾ നേരിടേണ്ടി വന്നു. കൂട്ടത്തിൽ വേറിട്ട ശബ്ദമായി മുഴങ്ങിക്കേട്ടത് ത്യാഗരാജന്റേതാണ്. ത്യാഗരാജൻ സംവിധാനം ചെയ്ത് പ്രശാന്ത് നായകനായി എത്തിയ ‘മമ്പട്ടിയൻ’ എന്ന സിനിമയിലെ ‘മലയൂര് നാട്ടമൈ’ എന്ന ഗാനം അബിഷൻ ജീവിന്ത് സംവിധാനം ചെയ്ത ‘ടൂറിസ്റ്റ് ഫാമിലി’ എന്ന ചിത്രത്തിൽ ഉപയോഗിച്ചിരുന്നു. ചിത്രത്തിലെ പ്രത്യേക കഥാ സന്ദർഭത്തോട് ആ പാട്ടും രംഗവും വളരെയധികം ചേർന്നുനിൽക്കുന്നുണ്ടായിരുന്നു. പാട്ടുകളെ ഇഷ്ട്ടപ്പെടുന്ന പാട്ടുകളെ ഹൃദയത്തിലെത്തുന്ന എല്ലാ ആസ്വാദകർക്കും ലോക സംഗീത ദിനാശംസകൾ.

Tags :

Recent News

Advertisement
WhiteswanTV Footer