മലപ്പുറം: കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിൽ ഗവേഷക വിദ്യാർഥികളുടെ വോട്ട് ഒഴിവാക്കിയതിന് പിന്നിൽ വൈസ് ചാൻസലറുടെ ഇടപെടലുണ്ടെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനിൽ. വിസിയുടെ നേതൃത്വത്തിലാണ് എംഎസ്എഫ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടികൾ ഏകപക്ഷീയമാണെന്നും സിപിഎം വിമർശിച്ചു.
ക്യാമ്പസിൽ യുഡിഎസ്എഫ് പ്രവർത്തകർ വ്യാപകമായ അക്രമം നടത്തിയിട്ടും പൊലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് വി.പി. അനിലിന്റെ ആരോപണം. അതേസമയം, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വ്യാപകമായി കേസെടുക്കുകയും വിദ്യാർഥികളെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ അവരുടെ വീടുകളിലെത്തി രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിൽ അക്രമം നടത്തിയ രണ്ട് യുഡിഎസ്എഫ് പ്രവർത്തകരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തതെന്നും സിപിഎം ചൂണ്ടിക്കാട്ടി. അക്രമങ്ങൾക്ക് പിന്നിൽ ലീഗിന്റെ സഹായമുണ്ടെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഇതിൽ പങ്കില്ലെങ്കിൽ മുസ്ലിം ലീഗ് സംഭവങ്ങളെ പരസ്യമായി തള്ളിപ്പറയണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.
അതേസമയം, പെട്രോൾ ബോംബ് ആക്രമണത്തെ സിപിഎം അംഗീകരിക്കുന്നില്ലെന്നും ഇത്തരം അക്രമങ്ങളെ പൂർണമായും തള്ളിപ്പറയുന്നുവെന്നും വി.പി. അനിൽ വ്യക്തമാക്കി.
സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് നീതിപൂർവമായ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൂന്നാം തീയതി മലപ്പുറം എസ്പി ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ മാർച്ച് ഉദ്ഘാടനം ചെയ്യുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.
കാലിക്കറ്റ് സർവകലാശാലയിലെ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷവും തുടർനടപടികളും സംബന്ധിച്ച് രാഷ്ട്രീയ ആരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് സിപിഎമ്മിന്റെ പ്രതിഷേധ പ്രഖ്യാപനം.


