ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ‘മോക്ക് ഇംപീച്ച്മെന്റ്’ നടപടിയുമായി ഇന്ത്യ സഖ്യം. മുൻ ലോക്‌സഭാ സ്പീക്കർ മീര കുമാറിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച മോക്ക് പാർലമെന്റിൽ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖർഗെയാണ് ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാക്കൾക്കൊപ്പം വിദ്യാർഥി സംഘടനാ പ്രതിനിധികളും പൗരസമിതി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ഖർഗെയുടെ വസതിയിലാണ് മോക്ക് പാർലമെന്റ് സംഘടിപ്പിച്ചത്.
വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്തെന്ന ആരോപണം ഉന്നയിച്ചായിരുന്നു മീര കുമാറിന്റെ ഉദ്ഘാടന പ്രസംഗം. തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ വോട്ടർ പട്ടികയാണെന്നും അവർ പറഞ്ഞു.
തുടർന്ന് ഗ്യാനേഷ് കുമാറിനെതിരെ ആറ് ആരോപണങ്ങൾ ഉന്നയിച്ച് ഖർഗെ പ്രമേയം അവതരിപ്പിച്ചു. വോട്ടുകൾ വെട്ടിമാറ്റാൻ ഗൂഢാലോചന നടത്തിയെന്നും 13.2 കോടി വോട്ടുകൾ നീക്കം ചെയ്തെന്നും പ്രതിപക്ഷം ആരോപിച്ചു. പാർലമെന്റിനെ അറിയിക്കാതെ ഫോം 6ൽ മാറ്റം വരുത്തിയെന്നും ECINET ഏകപക്ഷീയമായി കൈകാര്യം ചെയ്തെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി. രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ അവഗണിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അനുകൂലമായി പ്രവർത്തിച്ചെന്നുമുള്ള ആരോപണങ്ങളും ഖർഗെ ഉന്നയിച്ചു.
ജനാധിപത്യവും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് ഖർഗെ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ പാർലമെന്റിൽ പ്രമേയം നൽകിയിരുന്നെങ്കിലും പരിഗണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ വോട്ടുകൾ നീക്കം ചെയ്ത് അധികാരം നിലനിർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഖർഗെ വിമർശിച്ചു.
നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സുതാര്യതയില്ലാത്ത എസ്‌ഐആർ നടപടികൾ റദ്ദാക്കുക, നീക്കം ചെയ്ത വോട്ടുകൾ പുനഃസ്ഥാപിക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്തുനിന്ന് നീക്കുക, അദ്ദേഹത്തിന് നിയമപരിരക്ഷ നൽകുന്ന ഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിൽ ഉന്നയിച്ചിട്ടുണ്ട്.
ഗ്യാനേഷ് കുമാറിന്റെ ബന്ധുക്കൾക്ക് വഴിവിട്ട സഹായങ്ങൾ ലഭിച്ചെന്ന ആരോപണവും ഖർഗെ ഉന്നയിച്ചു. ഭരണഘടനാ വിരുദ്ധ നടപടികളുടെ പേരിൽ അദ്ദേഹത്തെ പുറത്താക്കണമെന്നും ക്രിമിനൽ നിയമപ്രകാരം വിചാരണ ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രതിഷേധങ്ങളെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്നും സമരങ്ങൾക്കിടെ ഇന്റർനെറ്റ് വിച്ഛേദിക്കുകയും മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തുവെന്നും ഖർഗെ ആരോപിച്ചു. യഥാർഥ വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് പ്രതിപക്ഷത്തിന്റെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ആരോപണങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളും ഉയർത്തിക്കാട്ടിയായിരുന്നു ഇന്ത്യ സഖ്യത്തിന്റെ മോക്ക് പാർലമെന്റ്.


