തൃശ്ശൂർ : മേല്‍പ്പാല നിര്‍മ്മാണത്തിനായി ദേശീയപാത കൊരട്ടി ജംഗ്ഷൻ അടച്ചു. വാഹന ഗതാഗതം സര്‍വ്വീസ് റോഡിലൂടെയാക്കി. സര്‍വ്വീസ് റോഡിലൂടെയുള്ള വാഹന ഗതാഗതം വലിയ ഗതാഗത കുരുക്കിന് കാരണമാക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. കൊരട്ടി സെന്ററിലെ സിഗ്നല്‍ സംവിധാനം നിലനിര്‍ത്തിയിട്ടുണ്ട്. നാല് വഴിയിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് പോകാവുന്ന നിലയിലാണ് ഇപ്പോള്‍ വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്.
പൈലിംങ്ങ് ജോലികള്‍ ആരംഭിച്ചാല്‍ റെയില്‍വെ മേല്‍പ്പാലം വഴി വരുന്ന വാഹനങ്ങള്‍ അങ്കമാലിയിലേക്ക് പോകുവാന്‍ യൂടേണ്‍ വഴി തിരിഞ്ഞ് പോകേണ്ടി വരും. നാലുകെട്ട് നിന്ന് വരുന്ന വാഹനങ്ങള്‍ പോലീസ് സ്‌റ്റേഷന്റെ മുന്‍വശത്തെ പ്രവേശനത്തിലൂടെ കടന്ന് ചാലക്കുടിയിലേക്ക് പോകേണ്ടി വരും, ദേശീയപാതക്ക് പുറത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത് ഗതാഗത കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാക്കുമെന്നും പറയുന്നു.
മുരിങ്ങൂരിലേയും,ചിറങ്ങരയിലേയും അടിപ്പാത നിര്‍മ്മാണം പൂര്‍ത്തിയായിട്ട് മതി കൊരട്ടിയിലെ നിര്‍മ്മാണമെന്നായിരുന്നു വ്യാപാരികളുടേയും മറ്റും ആവശ്യമെങ്കിലും അതിന് ദേശീയപാത അധികൃതര്‍ തയ്യാറായില്ല.ബദല്‍ സംവിധാനങ്ങള്‍ പരമാവധി ഒരുക്കി നിര്‍മ്മാണവുമായി മുന്നോട്ട് പോകുവാനാണ് നിര്‍മ്മാണ കമ്പനിയും അധികൃതരും ശ്രമിക്കുന്നത്.



