തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡിനെതിരെ രാജ്യവ്യാപക പ്രതിഷേധം. സംയുക്ത കിസാൻ മോർച്ച, സംയുക്ത തൊഴിലാളി യൂണിയനങ്ങൾ ഉൾപ്പെടെയുള്ള വിവിധ പ്രതിപക്ഷ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ജില്ലാ അടിസ്ഥാനത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധങ്ങളിൽ കിസാൻ മോർച്ച കളക്ടർമാർക്ക് നിവേദനം സമർപ്പിക്കും.
ലേബർ കോഡ് പിന്‍വലിക്കണമെന്ന ആവശ്യമോടൊപ്പം കർഷക ഉൽപ്പന്നങ്ങൾക്ക് പ്രഖ്യാപിച്ച താങ്ങുവില ഉറപ്പാക്കുക, സംസ്ഥാനങ്ങൾക്ക് സംഭരണത്തിനായി കൂടുതൽ ഫണ്ടുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉൾപ്പെടുന്നുണ്ട്.
കേരളത്തിൽ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി എന്നിവ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധസദസുകൾ സംഘടിപ്പിക്കുന്നുണ്ട്. തൊഴിൽ നിയമങ്ങളെ കോർപ്പറേറ്റ് അനുകൂലമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.






