കോട്ടയം : ജലാശയങ്ങളെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് മുക്തമാക്കാനുള്ള ദൗത്യവുമായി ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ (എസ്.കെ.എം.) എൻ.സി.സി. (NCC) കേഡറ്റുകൾ രംഗത്ത്. എൻ.സി.സി. ദേശീയതലത്തിൽ നടപ്പാക്കുന്ന ‘പുനീത് സാഗർ അഭിയാൻ’ എന്ന ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ മാലിന്യം നീക്കം ചെയ്തത്.
പുനീത് സാഗർ അഭിയാന്റെ ആറാം ഘട്ട പ്രവർത്തനമാണ് ഇന്ന് കുമരകത്ത് സംഘടിപ്പിച്ചത്. കുമരകം നാല്പങ്ക് ബോട്ട് ടെർമിനലിനോട് ചേർന്നുള്ള കായൽ പ്രദേശത്ത് നിന്ന് കേഡറ്റുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു നീക്കം ചെയ്തു. ജലാശയങ്ങളെ സംരക്ഷിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള കേഡറ്റുകളുടെ ഈ പ്രവർത്തനം പ്രദേശവാസികളുടെ അഭിനന്ദനം ഏറ്റുവാങ്ങി.






