തിരുവനന്തപുരം: വിതുരയിലും പരിസരങ്ങളിലുമായി ഡ്രൈഡേയിലടക്കം അനധികൃതമായി മദ്യം വിൽപ്പന നടത്തുന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂടം ബാബു എന്നറിയപ്പെടുന്ന ബാബു എന്നയാളെയാണ് നെടുമങ്ങാട് റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്.
പ്രദേശത്ത് മദ്യവിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സമയത്തും ബാബുവിനെ സമീപിച്ചാൽ ബ്ലാക്കിൽ മദ്യം ലഭിക്കുമായിരുന്നു. ആവശ്യക്കാരുടെ വീടുകളിലേക്കോ സ്ഥലങ്ങളിലേക്കോ ബൈക്കിലൂടെ മദ്യം എത്തിച്ചുനൽകുന്നത് ഇയാളുടെ പതിവായിരുന്നു.
ബ്ലാക്ക് വിൽപ്പനയെ കുറിച്ചുള്ള പരാതികൾ സ്ത്രീകളുടെ കൂട്ടായ്മകളിലൂടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും ലഭിച്ചതിനെ തുടർന്ന് നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന സംഘത്തെ രൂപീകരിച്ചു. തുടർന്നു മരുതാമല പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപമുള്ള ബാബുവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ച നിലയിൽ കണ്ടെത്തി.
മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കും വിൽപ്പനയിലൂടെ സമ്പാദിച്ച 10,000 രൂപയും സംഘം പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.






