കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക ഹോം ഗ്രൗണ്ടായി കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം തന്നെ തുടരുമെന്ന് ക്ലബ്ബ് അധികൃതർ അറിയിച്ചു. ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് ഈ സുപ്രധാന തീരുമാനം ആരാധകരെ അറിയിച്ചത്.
ഇന്ത്യയിലെ മികച്ച ഫുട്ബോൾ വേദികളിലൊന്നായി കൊച്ചി സ്റ്റേഡിയത്തെ ഉയർത്തിയത് തങ്ങളുടെ ആവേശഭരിതരായ ആരാധകരാണെന്ന് ക്ലബ്ബ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ആരാധകരോടും പങ്കാളികളോടും സംസ്ഥാനത്തെ ഫുട്ബോൾ സമൂഹത്തോടുമുള്ള ക്ലബ്ബിന്റെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിലൂടെ വീണ്ടും ഉറപ്പിക്കുന്നതെന്നും ക്ലബ്ബ് അറിയിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫുട്ബോൾ യാത്രയിലെ അനവധി മറക്കാനാവാത്ത നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച വേദിയാണ് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം. ഈ സീസണിലും മഞ്ഞപ്പട സൃഷ്ടിക്കുന്ന ആവേശക്കടലിന്റെ മുന്നിൽ കൂടുതൽ വിജയകഥകൾ രചിക്കാൻ ടീം സജ്ജമാണെന്ന് ക്ലബ്ബ് വ്യക്തമാക്കി.






