ജെറുസലേം: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിക്കാൻ ഇസ്രയേൽ മാസങ്ങളായി രഹസ്യമായി പദ്ധതിയൊരുക്കിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്. 2025 നവംബർ മുതൽ തന്നെ ഖമനേയിയെ ലക്ഷ്യമിട്ട് രഹസ്യ ആസൂത്രണങ്ങൾ ആരംഭിച്ചിരുന്നുവെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയതെന്നും അദ്ദേഹം ഇസ്രയേലിലെ എൻ12 ടിവി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ആദ്യഘട്ടത്തിൽ 2026 മധ്യത്തോടെ ഈ ദൗത്യം നടപ്പാക്കാനായിരുന്നു ഇസ്രയേലിന്റെ പദ്ധതി. അമേരിക്കയെ പോലും അറിയിക്കാതെ സ്വതന്ത്രമായി നീക്കം നടത്താനായിരുന്നു തീരുമാനം. എന്നാൽ ഇറാനിൽ ശക്തമായ ഭരണവിരുദ്ധ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ പദ്ധതി വേഗത്തിലാക്കേണ്ട സാഹചര്യം ഉണ്ടായി. ഇതോടെയാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് ശക്തമായ സൈനിക നീക്കത്തിന് തുടക്കം കുറിച്ചതെന്ന് കാറ്റ്സ് വ്യക്തമാക്കി.
ഖമനേയി ഭരണകൂടത്തിനെതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാർ തെരുവിലിറങ്ങിയ സാഹചര്യം ഇസ്രയേലിനെയും അമേരിക്കയെയും ഒരുപോലെ അമ്പരപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ തുടർന്ന് നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ പുതിയ ചർച്ചകൾ ആരംഭിക്കുകയും സംയുക്ത സൈനിക നടപടികൾക്കുള്ള പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്തുവെന്നും കാറ്റ്സ് വ്യക്തമാക്കി.
ആഭ്യന്തര പ്രതിഷേധങ്ങൾ മൂലം സമ്മർദ്ദത്തിലായ ഇറാൻ ഭരണകൂടം ഇസ്രയേലിനും മേഖലയിലെ അമേരിക്കൻ സൈന്യത്തിനുമെതിരെ മുൻകൂർ മിസൈൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് സൈനിക നീക്കം വേഗത്തിലാക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഇറാനിയൻ നേതൃത്വത്തെ പൂർണമായും നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംയുക്ത ദൗത്യം മുന്നോട്ട് കൊണ്ടുപോയതെന്നും കാറ്റ്സ് വ്യക്തമാക്കി. പ്രസിഡന്റ് ട്രംപുമായി ഇത്തരത്തിലുള്ള സഹകരണം സാധ്യമാക്കാൻ ലോകത്ത് ബെഞ്ചമിൻ നെതന്യാഹുവിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






