ആംസ്റ്റർഡാം: സ്പെയിനിന്റെയും ബാർസലോണയുടെയും എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ സാവി ഹെർണാണ്ടസിനെ നെതർലൻഡ്സിന്റെ പരിശീലകനായി നിയമിച്ചു. മുൻ ലോകകപ്പ് ജേതാവ് കൂടിയായ സാവി 2030 ഫിഫ ലോകകപ്പ് വരെയുള്ള കരാർ ആണ് ഒപ്പിട്ടിരിക്കുന്നത്. ബാർസിലോനയെ 2023 ലാ ലാലിഗ ജേതാക്കളാക്കിയ താരം 2024 നു ശേഷം ആദ്യമായാണ് പരിശീലന വേഷത്തിലേക്ക് തിരിച്ച് എത്തുന്നത്.
സ്പെയിനിന്റെ 2008ലെയും 2012ലെയും യൂറോ കപ്പ് വിജയത്തിലും 2010 ലോകകപ്പ് വിജയത്തിനും നിർണ്ണായക സ്ഥാനം വഹിച്ച, മധ്യനിരയിൽ ഇനിയേസ്റ്റക്കൊപ്പം കവിത രചിച്ച സാവി ബാഴ്സലോണയേയും ടിക്കി ടാക്കയേയും ലോകത്തിന്റെ നെറുകിലെത്തിച്ചിരുന്നു. നേരത്തെ ലോകകപ്പിൽ മൊറോക്കോയോട് റൗണ്ട് ഓഫ് 32വിൽ തോറ്റ് പുറത്തായ ഡച്ച് പടയ്ക്കെതിരെ വലിയ വിമർശങ്ങൾ ആണ് ഉയർന്നിരുന്നത്. പരാജയത്തേക്കാൾ പ്രതിരോധത്തിൽ മാത്രം ഊന്നിയുള്ള ശൈലിയാണ് ആരാധകരെ ചൊടിപ്പിച്ചത്.












