വാഷിങ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്ര ഉഭയകക്ഷി വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക് എത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇരുരാജ്യങ്ങളും തമ്മിൽ ഉടൻ തന്നെ പുതിയൊരു വ്യാപാര കരാറിൽ ഒപ്പുവെക്കുമെന്ന സുപ്രധാന സൂചന ട്രംപ് നൽകിയത്. മുൻപ് ഒപ്പുവെച്ചിട്ടുള്ള വാണിജ്യ ഉടമ്പടികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇന്ത്യ കരാർ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നുണ്ട്. നമ്മളും പുതിയൊരു കരാറിലേക്ക് നീങ്ങുകയാണ്. നിലവിൽ നാം കരാറുമായി വളരെ അടുത്തുകഴിഞ്ഞു,” മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. ഇതിനുമുൻപ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുള്ള പരമ്പരാഗത വ്യാപാര കരാറുകളെ അപേക്ഷിച്ച് കൂടുതൽ സമഗ്രവും വ്യത്യസ്തവുമായ തലങ്ങളുള്ള ഒന്നായിരിക്കും പുതിയ കരാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യ സന്ദർശിക്കുന്ന വേളയിലാണ് ട്രംപിന്റെ പ്രതികരണമെന്നതും ശ്രദ്ധേയം.




