കോട്ടയം: ഇരുകൈകളും കാലുകളും ബന്ധിച്ച് വേമ്പനാട്ടുകായലിൽ നീന്തിയത് ഒൻപതു കിലോമീറ്റർ ദൂരം. നീന്തിക്കടന്നത് ഒമ്പതു വയസുള്ള ദേവദർശൻ. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടുകയെന്ന ലക്ഷ്യത്തോടെ ഇന്നലെ രാവിലെ 7.16 ന് ചേർത്തലക്ക് അടുത്ത് കൂമ്പേൽ കടവിൽനിന്ന് ആരംഭിച്ച് 9.17ന് നീന്തി ഇക്കരെ എത്തി. ഡോൾഫിൻ ക്ലബ് നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്റെ പരിശീലനത്തിലാണ് ദേവദർശൻ ഇത് നേടിയത്. കോതമംഗലം വിമലഗിരി പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ദേവദർശൻ കോതമംഗലം കുത്തുകുഴി കൊല്ലാരത്ത് രഘുനാഥ്, ആതിര എന്നിവരുടെ മകനാണ്.
പിന്നീട് ദേവദർശനെ ബീച്ച് മൈതാനത്തു നടന്ന യോഗത്തിൽ ക്ലബ് സെക്രട്ടറി എ.പി.അൻസൽ അനുമോദിച്ചു. ജോയിന്റ് എക്സൈസ് കമ്മിഷണർ ടി.എം.മജു, ഡിവൈഎസ്പി പി.എസ്.ഷിജു, നഗരസഭാ സെക്രട്ടറി രഞ്ജിത് നായർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.ഷൈൻ, നീന്തൽ പരിശീലകൻ ടി.ഷാജികുമാർ എന്നിവർ പ്രസംഗിച്ചു.






