തൃശൂർ: തൃശ്ശൂർ പൂരം മുന്നോടിയായി പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയിൽ നടത്തിയ പരിശോധനയിൽ നിരോധിത സ്ഫോടക വസ്തുക്കൾ കണ്ടെത്തിയില്ല. സാമ്പിളുകളുടെ രാസപരിശോധനാഫലമാണ് ഇത് സ്ഥിരീകരിച്ചത്. മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന് പിന്നാലെ നടത്തിയ പരിശോധനകൾക്ക് ശേഷം ദേവസ്വത്തിന് ആശ്വാസം നൽകുന്ന റിപ്പോർട്ടാണിത്.
അതേസമയം, അനുവദിച്ചതിലധികം വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട കേസ് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. മുതലമടയിലെ നിർമ്മാണശാലയിൽ നിന്ന് പിടിച്ചെടുത്ത അധിക വസ്തുക്കൾ സുരക്ഷിതമായി മാറ്റുകയും നിർവീര്യമാക്കുകയും ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
2000 കിലോ വരെ മാത്രമേ സൂക്ഷിക്കാൻ അനുമതിയുള്ളുവെങ്കിലും അതിലധികം വസ്തുക്കൾ ഇവിടെ കണ്ടെത്തിയിരുന്നു. ലൈസൻസിക്കെതിരായ കേസ് തൃശ്ശൂർ പൂരം തകർക്കാനുള്ള ശ്രമമാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് ആരോപിച്ചു. ചർച്ചയ്ക്ക് തൊട്ടുമുമ്പ് കേസെടുത്തത് വേട്ടയാടലാണെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ചുചേർത്ത യോഗത്തിൽ പൂരത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സാമ്പിൾ വെടിക്കെട്ടും പ്രധാന വെടിക്കെട്ടും ഉൾപ്പെടെ ഒഴിവാക്കി. കുടുമാറ്റം ഒരു മണിക്കൂറിൽ നിന്ന് 15 മിനിറ്റായി ചുരുക്കുകയും പരമാവധി 10 സെറ്റ് കുടകൾ മാത്രം ഉൾപ്പെടുത്താനും തീരുമാനിച്ചു. ഇലഞ്ഞിത്തറ മേളവും മഠത്തിൽ വരവ് പഞ്ചവാദ്യവും സമയക്രമം പാലിച്ച് തുടരും. എട്ട് ഘടക പൂരങ്ങളും ചടങ്ങ് അനുസരിച്ച് നടക്കും.
ഇതിനിടെ, മുണ്ടത്തിക്കോട് വെടിപ്പുര അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി സതീഷ് അടക്കം നാല് പേരുടെ നില ഗുരുതരമാണ്. 11 പേർ ചികിത്സയിൽ തുടരുന്നു. തിരിച്ചറിയാനാവാത്ത ശരീരഭാഗങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനും കാണാതായവർക്കായി തിരച്ചിൽ തുടരാനും തീരുമാനിച്ചിട്ടുണ്ട്.




