ഡൽഹി: ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തതിന്റെ പേരിൽ മാത്രം പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണ ആനുകൂല്യങ്ങൾക്ക് അർഹത ലഭിക്കില്ലെന്ന് സുപ്രീം കോടതി. തമിഴ്നാട് സർക്കാരും സ്വകാര്യ വ്യക്തിയും നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. വിഷയത്തിൽ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരിവെച്ചു.
മതം മാറുന്നതിലൂടെ ഒരാളുടെ മുൻകാല സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ പുതിയ മതത്തിലെ പിന്നാക്ക വിഭാഗത്തിലേക്ക് സ്വാഭാവികമായി കൈമാറ്റം ചെയ്യപ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമപരമായ അടിസ്ഥാനമില്ലാതെ മതപരിവർത്തനത്തിന്റെ പേരിൽ മാത്രം സംവരണ ആനുകൂല്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
2015ൽ ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറിയ വ്യക്തിക്ക് തമിഴ്നാട് സർക്കാർ സംവരണ ആനുകൂല്യം അനുവദിച്ചതാണ് കേസിന് ആധാരം. 2016ൽ ഗസറ്റ് വിജ്ഞാപനത്തിലൂടെ സമീർ അഹമ്മദ് എന്ന പേര് സ്വീകരിച്ച വ്യക്തിക്ക് അനുവദിച്ച ആനുകൂല്യം ചോദ്യം ചെയ്തായിരുന്നു ഹർജി. ഇതിൽ ഹർജിക്കാരുടെ വാദം അംഗീകരിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെയാണ് തമിഴ്നാട് സർക്കാരും ആനുകൂല്യം ലഭിച്ച വ്യക്തിയും സുപ്രീം കോടതിയെ സമീപിച്ചത്.
പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ മാറ്റം വരുത്തുന്നതിനും പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നതിനും സർക്കാർ നിയമപരമായ നടപടിക്രമങ്ങളും മാർഗനിർദേശങ്ങളും പാലിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം മാറ്റങ്ങൾ കേവലം വിജ്ഞാപനത്തിലൂടെ നടപ്പാക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.




