ശിവഗിരി: പുണ്യാഹം നടത്തുന്നതിനുപകരം ദേവസ്വംവക ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കു പ്രവേശനം നൽകുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണ് ഹൈന്ദവ ആചാര്യന്മാരും ദേവസ്വം ബോർഡും സർക്കാരും ചെയ്യേണ്ടതെന്ന് ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. അഹിന്ദുവായ സഹോദരി ഗുരുവായൂർ ക്ഷേത്രക്കുളത്തിലിറങ്ങി കാൽകഴുകിയത് വലിയ അപരാധമായി ചിത്രീകരിച്ച് ക്ഷേത്രത്തിൽ ഒരാഴ്ചക്കാലത്തെ പുണ്യാഹം നടത്തുന്നത് പരിഷ്കൃത കേരളത്തിനു ചേർന്നതല്ല.
ഒരുകാലത്ത് ഈഴവ, പിന്നാക്ക ജാതിക്കാർ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ക്ഷേത്രചൈതന്യം കുറയുമെന്ന മൂഢവിശ്വാസം ഉണ്ടായിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ ആ ദുരാചാരം നീങ്ങിയപ്പോൾ ഹിന്ദുമതത്തിനും ഹൈന്ദവ ആരാധനയ്ക്കും വളർച്ചയാണുണ്ടായത്. ഇതു കണക്കിലെടുത്ത് അഹിന്ദുക്കൾക്കും ക്ഷേത്രങ്ങളിൽ പ്രവേശനം നൽകുന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവർ ആലോചിക്കണമെന്നാണ് ശിവഗിരിമഠത്തിന്റെ അഭ്യർഥനയെന്നും സ്വാമി പറഞ്ഞു.
സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററും ഫാഷന്‍ ഇന്‍ഫ്ളുവന്‍സറുമായ ജാസ്മിന്‍ ജാഫർ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിക്കുന്നതിന്റെ ഭാഗമായി കാല്‍ കഴുകിയതിനെ തുടര്‍ന്നാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുണ്യാഹവും ശുദ്ധികർമവും നടത്തിയത്. ആചാരലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആറു ദിവസം കണക്കാക്കിയുള്ള ശുദ്ധികര്‍മങ്ങളാണ് നടന്നത്. ഇതിന്‍റെ ഭാഗമായി 19 ശീവേലികളും 19 പൂജകളും നിവേദ്യങ്ങളും ആവര്‍ത്തിച്ചിരുന്നു. വിവാദമായതോടെ ജാസ്മിന്‍ റീല്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കളയുകയും ക്ഷമ പറയുകയും ചെയ്തിരുന്നു. എങ്കിലും അവരുടെ പേരില്‍ ദേവസ്വം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.






