ഒഹായോ: അമേരിക്കയിലെ ഒഹായോയിൽ പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തിന് നേരെ ഇഷ്ടികയും കല്ലുകളും ഉപയോഗിച്ച് ആക്രമണം. ഗ്രേറ്റർ ക്ലീവ്‌ലാന്റ് മേഖലയിലെ റിച്ച്മണ്ട് ഹൈറ്റ്‌സിലുള്ള ശ്രീ സ്വാമിനാരായൺ വഡ്താൽ ധാം ഹിന്ദു മന്ദിറിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ക്ഷേത്രത്തിലെ ജനൽച്ചില്ലുകൾ തകർന്നു. സംഭവം നടക്കുമ്പോൾ പൂജാരിമാരും ഭക്തരും ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് ആക്രമണമുണ്ടായതെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനും കൊയലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയും അറിയിച്ചു. അക്രമികൾ ക്ഷേത്രത്തിന് നേരെ തുടർച്ചയായി ഇഷ്ടികകൾ എറിഞ്ഞതായാണ് വിവരം.
ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ്, എഫ്ബിഐ, സിവിൽ റൈറ്റ്സ് വിഭാഗം എന്നിവ പരിശോധിച്ചുവരികയാണ്. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അമേരിക്കയിൽ ഒക്ടോബർ മാസം ‘ഹിന്ദു ഹെറിറ്റേജ് മന്ത്’ ആയി ആചരിക്കുകയും നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമിടുകയും ചെയ്ത സമയത്താണ് ആക്രമണം ഉണ്ടായത്.
അമേരിക്കൻ ഹിന്ദു സമൂഹത്തിനെതിരെ വർധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങളുടെയും ആക്രമണങ്ങളുടെയും ഭാഗമാണ് സംഭവമെന്ന് സംഘടനകൾ ആരോപിച്ചു. കുറ്റക്കാരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സംഘടനകൾ പ്രാദേശിക ഭരണകൂടത്തോടും പൊലീസിനോടും ആവശ്യപ്പെട്ടു.




