കുവൈത്ത് സിറ്റി: കുവൈത്തിലെ വാഫ്ര കാർഷിക മേഖലയിലുണ്ടായ തീപിടിത്തത്തിൽ തൊഴിലാളി മരിച്ചു. വാഫ്രയിലെ ഒരു ഫാമിലെ ഷാലേയിലാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ അൽ-വാഫ്ര ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
തീപിടിത്തമുണ്ടായ ഉടൻ തന്നെ പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ബന്ധപ്പെട്ട നിയമവിഭാഗത്തിന് കൈമാറി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കുവൈത്ത് ഫയർ ഫോഴ്സിന്റെ ഇൻവെസ്റ്റിഗേഷൻ വിഭാഗം വിശദമായ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.






