പാലക്കാട്: ചിറ്റിലഞ്ചേരി കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. ചെന്നൈ സ്വദേശിയായ ആദിത്യനാണ് (28) പരിക്കേറ്റത്. ആദിത്യനെ ആദ്യം നെന്മാറയിലെ
സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ശനിയാഴ്ച രാവിലെ 7.30-ന് മംഗലം-ഗോവിന്ദാപുരം പാതയിൽ ചിറ്റിലഞ്ചേരി കടമ്പിടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം. മുടപ്പല്ലൂരിൽ നിന്ന് നെന്മാറയിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ, തൃശ്ശൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ആദിത്യന് കാലിനും കൈയ്ക്കും താടിയെല്ലിനും ഗുരുതര പരിക്കേറ്റു. സ്കൂട്ടർ തകർന്നു. മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവറാണ് ആദിത്യൻ.






