പൊന്നാനി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന പ്രതി പിടിയിൽ. കൊല്ലം പെരുനാട് സ്വദേശി എസ് അമീറിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. കേരളം അടക്കം പതിനേഴ് സംസ്ഥനങ്ങളിലായാണ് തട്ടിപ്പ് നടത്തിയത്. പൊന്നാനിയിലെ ഒരു ലോഡ്ജിൽ അനധികൃത ചീട്ടുകളി നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിനിടെയാണ് പ്രതി പിടിയിലായത്.
വിവിധ വ്യക്തികളുടെ പേരിലുള്ള 26 ബാങ്ക് പാസ്ബുക്കുകളും, എടിഎം കാർഡുകളും, മൊബൈൽ ഫോണുകളും, സിമ്മുകളും, ചെക്ക്ബുക്കുകളും പിടിച്ചെടുത്തു. പൊന്നാനി പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥന്റെ നിർദ്ദേശപ്രകാരം സൈബർ പോലീസിന് കൈമാറി.
അമീറിന്റെ കൈവശമുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നാഷനൽ സൈബർ ക്രൈംപോർട്ടലിൽ പരിശോധിച്ചത് വഴി 17 സംസ്ഥാനങ്ങളിലായി 51 സാമ്പത്തിക തട്ടിപ്പ് സംബന്ധമായ പരാതികൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ നാല് പരാതികളും മറ്റ് സംസ്ഥാനങ്ങളിൽ 47 പരാതികളുമാണുള്ളത്.






