കൊല്ലം: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ 1.83 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. ഹിമാചൽ പ്രദേശിലെ ബാബാനഗർ സ്വദേശിയായ സൂര്യകാന്തിനെയാണ് കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് പിടികൂടിയത്. വ്യാജ ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് പുത്തൂർ സ്വദേശിയിൽ നിന്ന് 1.83 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.
കൊല്ലം റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബാബാനഗറിലെത്തിയാണ് പ്രതിയെ പിടികൂടിയത്. തട്ടിയെടുത്ത തുകയിൽ 15 ലക്ഷത്തോളം രൂപ പ്രതിയുടെ യൂകോ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തിയിരുന്നു. പിന്നീട് ഈ തുക നിരവധി അക്കൗണ്ടുകളിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ വ്യക്തമായി.
ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിയുടെ അക്കൗണ്ട് വഴി ഏകദേശം ഒരു കോടിയോളം രൂപയുടെ ട്രാൻസ്ഫറുകൾ നടന്നതായും പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഹിമാചൽ പ്രദേശിലേക്ക് വ്യാപിപ്പിച്ചത്. ബാബാനഗർ പൊലീസിന്റെ സഹായത്തോടെ പ്രതിയെ വലയിലാക്കുകയായിരുന്നു.
കേസിലെ മറ്റു കൂട്ടുപ്രതികളെക്കുറിച്ചും നിർണായക സൂചനകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം റൂറൽ ഡിസിആർബി ഡിവൈഎസ്പി പ്രസാദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.






