കൊട്ടാരക്കര: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയും എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എൻ ബി രാജഗോപാൽ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരാണ് രാജഗോപാലനെ പാർട്ടിയിലേയ്ക്ക് സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ നടന്ന വികസിത കേരളം കൺവെൻഷനിൽ വെച്ചായിരുന്നു സ്വീകരണം. കുറച്ചുകാലമായി കോൺഗ്രസിൽ തുടർന്നുവരുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങളും ദേശീയ നേതൃത്വത്തിലെ വൈദേശികാധിപത്യവും അതിർത്തിക്ക് കാരണമായി എന്നും ഇനിമുതൽ ദേശീയതലത്തിൽ ഊന്നി പ്രവർത്തനം നടത്തുന്ന ബിജെപിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായും രാജഗോപാൽ പറഞ്ഞു.
രാജഗോപാലിനൊപ്പം തൃണമൂൽ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആർ. സുധാകരൻ നായർ, സി. പി. ഐ മുൻ ബ്രാഞ്ച് സെക്രട്ടറി കെ. സുകുമാരൻ എന്നിവരും ബിജെപിയിൽ ചേർന്നു. ഇതിനു മുൻപ് പ്രമുഖ കോൺഗ്രസ് നേതാക്കളായ കെ കരുണാകരന്റെ മകൾ പദ്മജ വേണുഗോപാലും എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും ബിജെപിയിൽ ചേർന്നിരുന്നു.






