ന്യൂഡല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം രാജ്യത്തെത്തി. അര്‍മേനിയയുടെ തലസ്ഥാനമായ യെരേവാനില്‍ നിന്നും പുറപ്പെട്ട വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തിച്ചേര്‍ന്നത്. 110 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. തിരിച്ചെത്തിയ 110 പേരില്‍ 90 പേര്‍ ജമ്മു കശ്മീര്‍ സ്വദേശികളാണ്.
ബാക്കി 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും. തിരിച്ചെത്തിയവരെ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിമാനത്താവളത്തിലെത്തി. ആദ്യ വിമാനത്തില്‍ മലയാളികള്‍ ആരുമില്ലെന്ന് നോര്‍ക്ക വ്യക്തമാക്കുന്നു. ടെഹ്‌റാനില്‍ നിന്നും 12 മലയാളികളാണ് എംബസിയുമായി ബന്ധപ്പെട്ടത്. ഇവര്‍ വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ എത്തിച്ചേരുമെന്നാണ് വിവരം. ആദ്യ വിമാനത്തില്‍ നാട്ടിലെത്തിയവര്‍ സര്‍ക്കാരിന് നന്ദി അറിയിച്ചു. ഇന്ത്യന്‍ പതാകയുമേന്തി ഉര്‍മിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ് ആദ്യം വിമാനത്തില്‍ നിന്ന് പുറത്തേക്ക് വന്നത്.






