തൃശ്ശൂർ: കാടുകുറ്റി വൈന്തലയിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ ജലശുദ്ധീകരണശാലയിൽ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം. മേലൂർ സ്വദേശി ജോസഫ് (46) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ ജോസഫിനെ കാണാനില്ലെന്ന് സഹപ്രവർത്തകർ മനസിലാക്കുകയും തുടർന്ന് അവർ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയുമായിരുന്നു.
തിരച്ചിലിനൊടുവിൽ മാള ഫയർ ആൻഡ് റെസ്‌ക്യൂ സംഘം ക്ലാരിഫയറിനുള്ളിൽ നിന്ന് ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പിന്നീട് പുറത്തെടുത്തു. കാൽ തെറ്റി ക്ലാരിഫയറിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






