പാലക്കാട് : ഉപതെരഞ്ഞെടുപ്പാവേശം അലയടിക്കുന്ന പാലക്കാട് നാളെ കലാശക്കൊട്ട്. ചേരിമാറ്റവും വിവാദങ്ങളും ഇടവേളകളില്ലാതെ എത്തിയ പാലക്കാടിന്‍റെ മണ്ണില്‍ ഏത് കൊടി ഉയരണമെന്ന് ജനങ്ങള്‍ വിധി എഴുതാന്‍ ഇനി അവശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം.
വയനാടിനും ചേലക്കരയ്ക്കുമൊപ്പം വിധി നിര്‍ണയിക്കപ്പെടേണ്ട പാലക്കാട് കൽപ്പാത്തി രഥോത്സവം പരിഗണിച്ച് വോട്ടെടുപ്പ് തീയതി മാറ്റിവെയ്ക്കുകയായിരുന്നു.
പ്രചാരണത്തിന് ദിവസങ്ങള്‍ കൂടുതല്‍ കിട്ടിയപ്പോഴും വലിയ ട്വിസ്റ്റ് തന്നെയാണ് അരങ്ങേറിയത്. ബിജെപിയില്‍ നിന്ന് മുഖം തിരിച്ചിറങ്ങിയ സന്ദീപ് വാര്യര്‍ ‘കൈ’പിടിച്ചു കയറിയത് കേണ്‍ഗ്രസിന്‍റെ ആവേശവും പ്രതീക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇ പിയുടെ ആത്മകഥ സി പി ഐ എമ്മിന് അല്‍പം ഇളക്കമേല്‍പ്പിച്ചെങ്കിലും പി സരിനിന്‍ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിട്ടില്ല എന്ന് എം വി ഗേവിന്ദനടക്കം ഉറപ്പിച്ചു പറയുകയാണ്. പ്രചാരണത്തിന്‍റെ അവസാനലാപ്പിലുള്ള മുഖ്യമന്ത്രിയുടെ സന്ദര്‍ശനവും ഇടതുമുന്നണിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.
സന്ദീപ് പാര്‍ട്ടിയില്‍ നിന്ന് പോയത് നന്നായി എന്നമട്ടാണ് ബിജെപിക്ക്. സന്ദീപ് ഒന്നുമല്ലെന്നാണ് കെ സുരേന്ദ്രനടക്കം പറയുന്നതും. നെഞ്ചില്‍ തീക്കനല്‍ എരിയുന്നുണ്ടെങ്കിലും പാലക്കാട് എടുക്കുമെന്ന ഉറപ്പിലാണ് ബിജെപിയും.

