കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ അത്ലറ്റിക്സ് മത്സരങ്ങളിൽ പാലക്കാട് ജില്ല മുന്നിൽ. നാല് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ 29 പോയിന്റാണ് പാലക്കാട് നേടിയത്. 26 പോയിന്റുമായി മലപ്പുറം രണ്ടാമതും 13 പോയിന്റുമായി തിരുവനന്തപുരം മൂന്നാമതുമാണ്. അത്ലറ്റിക്സിലെ 14 ഫൈനൽ മത്സരങ്ങൾ ഇന്നലെ പൂർത്തിയായി.
ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ശ്രീഹരി കരിക്കൻ സ്വർണം നേടി. 47.84 സെക്കൻഡിൽ ഫിനിഷ് ചെയ്ത ശ്രീഹരി മീറ്റ് റെക്കോർഡും സ്വന്തമാക്കി. ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപ് യോഗ്യതാ റൗണ്ടിൽ കോരുത്തോട് സി.കെ.എം എച്ച്.എസ്.എസിലെ വിഷ്ണു യാദവും മീറ്റ് റെക്കോർഡ് സ്ഥാപിച്ചു. 7.24 മീറ്റർ ചാടിയാണ് വിഷ്ണു പുതിയ റെക്കോർഡ് കുറിച്ചത്.



