തിരുവനന്തപുരം: പിഎസ്സി നിയമനത്തട്ടിപ്പ് കേസിൽ പിഎസ്സി ചെയർമാൻ എം.ആർ. ബൈജുവിനെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഇന്ന് ചോദ്യം ചെയ്തേക്കും. ഉച്ചയ്ക്ക് രണ്ടിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടി ബൈജു ഇതുവരെ അസൗകര്യം അറിയിച്ചിട്ടില്ലെന്നാണ് വിവരം.
അന്വേഷണം മന്ദഗതിയിലാണെന്ന് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് അന്വേഷണസംഘം നടപടി വേഗത്തിലാക്കിയത്. ചോദ്യം ചെയ്യാനായി അന്വേഷണസംഘം പിഎസ്സി ആസ്ഥാനത്ത് എത്തണമെന്നായിരുന്നു നേരത്തേ ചെയർമാനും അംഗങ്ങളും സ്വീകരിച്ച നിലപാട്.
ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയ നാല് പിഎസ്സി അംഗങ്ങളിൽ മൂന്ന് പേരെ അന്വേഷണസംഘം ചോദ്യം ചെയ്തു. പിഎസ്സി അഭിമുഖ പരീക്ഷയുള്ളതിനാൽ ഒരാൾ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, ചെയർമാനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന മൊഴി പിഎസ്സിയിലെ ഒരു അംഗം എസ്ഐടിക്ക് നൽകിയതായാണ് സൂചന. പല കാര്യങ്ങളിലും ചെയർമാൻ അനാവശ്യമായി ഇടപെടുന്നുണ്ടെന്നാണ് മൊഴിയെന്നാണ് വിവരം. നേരത്തേ ചെയർമാനെതിരെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയ അംഗമാണ് മൊഴി നൽകിയതെന്നും സൂചനയുണ്ട്. പിഎസ്സി അംഗങ്ങളുടെ ചോദ്യം ചെയ്യൽ വീഡിയോയിൽ പകർത്തുന്നുണ്ട്.
പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്നലെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട പരാതികളിലാണ് കേസെടുത്തത്.


