കാസർകോട്: കുമ്പള ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പലസ്തീൻ ഐക്യദാർഢ്യ വിവാദം പ്രതിഷേധങ്ങളിലേക്ക് വഴിമാറി. എംഎസ്എഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം ഉണ്ടാകുകയായിരുന്നു. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. പിന്നാലെ എസ്‌എഫ്‌ഐയും വേറെ പ്രതിഷേധവുമായി സ്കൂളിലേക്കെത്തി.
പരിപാടി തടഞ്ഞ അധ്യാപകരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി പിടിഎ പ്രസിഡന്റ് എ.കെ. ആരിഫ് വ്യക്തമാക്കി. രണ്ട് അധ്യാപകർക്ക് എതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുമെന്നും സ്കൂൾ പ്രിൻസിപ്പൽ സിന്ധു അറിയിച്ചു. വരും തിങ്കളാഴ്ച കലോത്സവം വീണ്ടും നടത്തുന്നതിനെക്കുറിച്ച് ഉടൻ അന്തിമ തീരുമാനം ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.






