തിരുവനന്തപുരം: കോൺഗ്രസിനെയും യുഡിഎഫ് നേതൃത്വത്തെയും വെട്ടിലാക്കി തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി. പാർട്ടിക്കെതിരേയും സിപിഎമ്മിന് അനുകൂലമായും സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്നതോടെ പാലോട് രവിയോട് വിശദാംശം തേടാൻ ഒരുങ്ങുകയാണ് കെപിസിസി നേതൃത്വം. പാലോട് രവിയെ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിയുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഫോൺ സംഭാഷണം ഗൗരവമായി എടുക്കുകയാണ് നേതൃത്വം. രവിയുടെ ഫോൺ സംഭാഷണത്തിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.
സംസ്ഥാനത്ത് എൽഡിഎഫ് ഭരണം തുടരുമെന്നാണ് ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ സംഭാഷണത്തിലുള്ളത്. കോണ്‍ഗ്രസിനെ വെട്ടിലാക്കിയുള്ള ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ പാലോട് രവി രംഗത്തെത്തി. കോൺഗ്രസിന്‍റെ സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് അത്തരം ഒരു മെസ്സേജ് നൽകിയതെന്ന് പാലോട് രവി പറഞ്ഞു.






