മലപ്പുറം: ചെറിയമുണ്ടം പഞ്ചായത്തിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പഞ്ചായത്ത് യു ഡി എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്തിൽ ആകെയുള്ള ഇരുപത് സീറ്റിൽ 13 സീറ്റുകളിൽ മുസ്ലിം ലീഗും 7 സീറ്റുകളിൽ കോൺഗ്രസും മത്സരിക്കും. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മുസ്ലിം ലീഗിലെ ബഷീർ രണ്ടത്താണിയും താനൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് തലക്കടത്തൂർ ഡിവിഷനിൽ നിന്ന് കോൺഗ്രസിലെ കെ കെ ഷൗക്കത്ത്, കുറുക്കോൾ ഡിവിഷനിൽ നിന്ന് മുസ്ലിം ലീഗിലെ സി നൗഷാദ് എന്നിവരാണ് മത്സരിക്കുന്നത്.
20 വാർഡുകളിലും യു.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി നടന്ന് വരുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. വിവിധ വാർഡുകളിൽ കൺവൻഷനുകളിൽ കാണുന്ന വൻജനപങ്കാളിത്തം ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫ് നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കുടുക്കിൽ ചന്ദ്രൻ, കൺവീനർ ഹുസൈൻ തലക്കടത്തൂർ, മറ്റു ഭാരവാഹികളായ പി.ടി നാസർ, ഫൈസൽ കുറുക്കോളി, സി.കെ അബ്ദു എന്നിവർ പങ്കെടുത്തു.




