പത്തനംതിട്ട: വെള്ളക്കാറിലെത്തിയവർ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ അപ്രതീക്ഷിത വഴിത്തിരിവ്. പത്തനംതിട്ട പഴകുളത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന ആരോപണം ഉയർന്ന സംഭവത്തിൽ, കുട്ടികൾക്ക് ലിഫ്റ്റ് നൽകാനാണ് ശ്രമിച്ചതെന്ന് കാറിലുണ്ടായിരുന്ന യുവതി വ്യക്തമാക്കി. സംഭവത്തിൽ അടൂർ പൊലീസിനെ വിവരങ്ങൾ അറിയിച്ചതായും യുവതി ഒരു ടെലിവിഷൻ ചാനലിനോട് പറഞ്ഞു.
പഴകുളത്തും കൊടുമണ്ണിലും വെള്ളക്കാറിലെത്തിയവർ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതികൾ ഉയർന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കൊടുമണ്ണിൽ കുട്ടികൾക്ക് ലിഫ്റ്റ് നൽകാൻ ശ്രമിച്ചതാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പഴകുളത്തെ സംഭവത്തിലും വിശദീകരണവുമായി യുവതി രംഗത്തെത്തിയത്.
ഭർത്താവിനൊപ്പമാണ് കാറിൽ ഉണ്ടായിരുന്നതെന്ന് യുവതി പറഞ്ഞു. പ്രദേശത്തുകൂടി യാത്ര ചെയ്യുന്നതിനിടെ കുട്ടികളെ കണ്ടെന്നും റോഡിൽ ചെളിവെള്ളം കെട്ടിക്കിടന്നതിനാൽ അവരെ മറുവശത്തെത്തിക്കാമെന്ന് പറയുക മാത്രമാണ് ചെയ്തതെന്നും യുവതി വിശദീകരിച്ചു.
സംഭവത്തെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് തങ്ങളെക്കുറിച്ചാണെന്ന് മനസ്സിലായതെന്നും പിന്നീട് തങ്ങൾ സഞ്ചരിച്ച കാർ കണ്ടതോടെ ഉറപ്പായെന്നും യുവതി പറഞ്ഞു. തുടർന്ന് അടൂർ പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. തങ്ങൾ പ്രദേശവാസികളാണെന്നും കുട്ടികളെ കൈയിൽ പിടിച്ച് വലിച്ചെന്ന ആരോപണം ശരിയല്ലെന്നും യുവതി വ്യക്തമാക്കി.
സംശയനിഴലിലായ കാറിലുണ്ടായിരുന്നവരെ കുട്ടിയുടെ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കാറിലുണ്ടായിരുന്നത് പ്രദേശവാസികളായ യുവതിയും ഭർത്താവുമാണെന്നാണ് പൊലീസിന്റെ വിവരം.
അതേസമയം, കൊല്ലം ജില്ലയിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന തരത്തിൽ പരാതി ഉയർന്നിട്ടുണ്ട്. ഈ സംഭവത്തിലും പൊലീസ് അന്വേഷണം തുടരുകയാണ്.
കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതികൾ വ്യാപകമായ ആശങ്കയ്ക്കിടയാക്കിയ സാഹചര്യത്തിൽ, ഓരോ സംഭവത്തിലും ലഭിക്കുന്ന വിവരങ്ങൾ പരിശോധിച്ചുവരികയാണ് പൊലീസ്.


