പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. കോന്നി മാമൂടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. മറ്റൊരു കാറുമായി കൂട്ടിയിടിച്ച കളക്ടറുടെ വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കളക്ടർ എസ്. പ്രേംകൃഷ്ണന്‍, ഡ്രൈവർ കുഞ്ഞുമോൻ, ഗൺമാൻ മനോജ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. അപകടത്തെ തുടർന്ന് സ്ഥലത്ത് കുറച്ചുനേരം ഗതാഗത തടസ്സം നേരിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




