തൃശ്ശൂർ: കുന്നംകുളത്ത് ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. കുന്നംകുളം പൊലീസാണ് കേസ് എടുത്തത്. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ചികിത്സയ്ക്കിടെ ചിറമനേങ്ങാട് സ്വദേശിയായ ഇല്യാസ് ആണ് മരിച്ചത്. മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം ഇന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടക്കും. അന്വേഷണ ചുമതല കുന്നംകുളം എസിപിക്കാണ് നൽകിയിരിക്കുന്നത്.
ചികിത്സയിലെ അനാസ്ഥയും അനസ്തേഷ്യ നൽകുന്നതിൽ പിഴവുണ്ടായോയെന്നും പൊലീസ് അന്വേഷിക്കുന്നു. അനസ്തേഷ്യയിലെ പിഴവാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞുവെന്നും, ഓപ്പറേഷൻ സമയത്ത് കൈയബദ്ധം സംഭവിച്ചതായി ഡോക്ടർമാർ സമ്മതിച്ചുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
ഇന്നലെ വൈകിട്ട് 4.30ഓടെയാണ് ഇല്യാസ് ആശുപത്രിയിലെത്തിയത്. ഹെർണിയ പ്രശ്നം പരിഹരിക്കാൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് തീരുമാനിക്കുകയായിരുന്നു. എന്നാൽ രാത്രി 8.30ഓടെ ശസ്ത്രക്രിയയ്ക്കിടെ രോഗി മരണപ്പെട്ടതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു.
ഓപ്പറേഷനിടെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് മരണമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും ആശുപത്രി പരിസരത്ത് എത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.






