ന്യൂഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം വില വർധിപ്പിച്ചു. ഇതോടെ പെട്രോളിന്റെ വില 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസലിന്റെ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും ഉയർന്നു. മെയ് 15 മുതൽ വിലവർധന പ്രാബല്യത്തിൽ വന്നു. അഞ്ച് രൂപ വരെ വർധന വേണമെന്നായിരുന്നു എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാൽ മൂന്ന് രൂപ വർധനയ്ക്കാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്.
എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്ന സാഹചര്യത്തിലാണ് ഇന്ധനവില കൂട്ടാനുള്ള തീരുമാനം. മെയ് 15ന് മുമ്പ് തന്നെ വിലവർധന ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയും ഉടൻ ഉയരാനിടയുണ്ടെന്നാണ് സൂചന.
2022ന് ശേഷം ആദ്യമായാണ് രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ വർധന രേഖപ്പെടുത്തുന്നത്. കഴിഞ്ഞ നാല് വർഷമായി ചില്ലറ ഇന്ധനവിലയിൽ വലിയ മാറ്റങ്ങളില്ലാതെ തുടരുകയായിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതും പ്രതിസന്ധി രൂക്ഷമാക്കി. ബാരലിന് 70 യുഎസ് ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില 126 ഡോളർ വരെ ഉയർന്നതാണ് എണ്ണക്കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചത്.





