തിരുവനന്തപുരം: പിണറായി വിജയൻ ഭരിക്കുന്നത് മുതലാളിമാർക്കും കോർപ്പറേറ്റുകൾക്കും വേണ്ടിയാണെന്നും കേരളജനത ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേകു നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം അതിന്റെ തെളിവായിരിക്കുമെന്നും കെപിസിസി മുൻ പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് വെള്ളനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളനാട്ടിൽ സംഘടിപ്പിച്ച സ്ഥാനാർഥിസംഗമവും ജനകീയക്കൂട്ടായ്മയും ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധൂർത്തും അഴിമതിയും മുഖമുദ്രയാക്കിയ സർക്കാർ പഞ്ചായത്തുകൾക്ക് ആവശ്യമായ ഫണ്ടുകൾ അനുവദിക്കുന്നില്ല. ഇതുകാരണം മിക്ക പഞ്ചായത്തുകളിലും വികസനങ്ങൾ മുരടിപ്പിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ചെറുകുളം ശൈലൻ അധ്യക്ഷനായി.ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. പ്രതാപൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി. ജ്യോതിഷ് കുമാർ, മണ്ഡലം സെക്രട്ടറി എം.എസ്. വിമൽ കുമാർ, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി വെള്ളനാട് ശ്രീകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജില്ലാ-ബ്ലോക്ക് ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥികൾക്കു സ്വീകരണവും പരിചയപ്പെടലും സംഘടിപ്പിച്ചു.






