കൊച്ചിയിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള കണ്ടെയ്നർ മാലിന്യങ്ങൾ തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ അടിഞ്ഞുകൂടിക്കൊണ്ടിരിക്കുകയാണ്. ഇത് പൂർണമായും നീക്കം ചെയ്യാത്തത് പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ പറയുന്നു. കോവളം അശോക ബീച്ച്, മുക്കംകോടിമുന, ചെറിയതുറ, ചെറിയതുറ പള്ളി, പെരുമാതുറ, സെന്റ് ആൻഡ്രൂസ്, തുമ്പ, ആഴിമല, അടിമലത്തുറ, അഞ്ചുതെങ്ങ്, വർക്കല തീര പ്രദേശങ്ങളിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും തടിയും പഞ്ഞിക്കെട്ടുകളും മറ്റും അടിഞ്ഞിരിക്കുന്നത്.
മാലിന്യങ്ങൾ നിറഞ്ഞതിനെ തുടർന്ന് പല ബീച്ചുകളിലും സഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല. കോവളത്തും ശംഖുമുഖത്തും തീരത്തോട് ചേർന്ന് കയർ കെട്ടിത്തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മഴ കുറഞ്ഞെങ്കിലും കടൽ ശാന്തമല്ല. മത്സ്യത്തൊഴിലാളികളും സന്നദ്ധ സംഘടനകളും തദ്ദേശസ്ഥാപനങ്ങളും തുടങ്ങിവച്ച മാലിന്യ നീക്കം ഏതാണ്ടു നിലച്ച മട്ടാണ്.
ഇതിൽ രണ്ട് പ്രശ്നങ്ങളാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
1). കൈകാര്യം ചെയ്യാൻ പറ്റുന്നതിലേറെ മാലിന്യത്തിന്റെ അളവ്.
2). മാലിന്യനീക്കത്തിന് മതിയായ സംവിധാനത്തിന്റെ പോരായ്മ.
പലയിടത്തും തീരത്തടിഞ്ഞ മാലിന്യത്തിനു മേൽ വീണ്ടും തിരയടിഞ്ഞു മണൽ മൂടിയിരിക്കുകയാണ്. വഴുവഴുപ്പുള്ള മണൽ അരിച്ചെടുത്താൽ മാത്രമേ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ ശേഖരിച്ചു നീക്കം ചെയ്യാനാകൂ. ഫലപ്രദമായ അരിപ്പകൾ ഇതിനായി വേണ്ടിവരും. ഇതിനകം ചാക്കുകളിൽ ശേഖരിച്ച പ്ലാസ്റ്റിക് ഗ്രാന്യൂളുകളും ഉത്തരവാദപ്പെട്ടവർ തീരത്ത് നിന്നും എടുത്തിട്ടില്ല.




