ന്യൂഡൽഹി: കാൻസർ, കരൾ രോഗങ്ങൾക്കുള്ള വ്യാജ മരുന്നുകൾ നിർമിച്ചിരുന്ന ശൃംഖലയെ തകർത്തതായി ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 10 കോടി രൂപ വിലമതിക്കുന്ന വ്യാജ മരുന്നുകളും നിർമാണ സാമഗ്രികളും 90,000ത്തിലധികം വ്യാജ കാപ്സ്യൂളുകളും പിടിച്ചെടുത്തു.
മണിപ്പൂർ സ്വദേശിയായ മനോജ് കുമാർ മിശ്രയാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് വ്യക്തമാക്കി. ‘യൂണിറ്റൽ ഫാർമ’ എന്ന പേരിൽ വ്യാജ കമ്പനി രൂപീകരിച്ചായിരുന്നു സംഘം മരുന്ന് നിർമാണവും വിതരണവും നടത്തിയിരുന്നത്.
സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീമിൽ (CGHS) നിന്ന് യഥാർത്ഥ മരുന്നുകൾ അനധികൃതമായി ശേഖരിച്ച് സംഘത്തിന് കൈമാറിയിരുന്ന വിക്രം സിംഗ്, വതൻ സൈനി എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
യഥാർത്ഥ മരുന്നുകളോട് സാമ്യമുള്ള പാക്കേജിങും ആധുനിക യന്ത്രസാമഗ്രികളും ഉപയോഗിച്ചാണ് വ്യാജ ഉൽപ്പന്നങ്ങൾ നിർമിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായിരുന്നു പ്രധാനമായും വിതരണം നടത്തിയിരുന്നത്.സംഭവത്തിൽ സർക്കാർ സംവിധാനങ്ങളിലുള്ള കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.




