തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുകയാണ്. കൂട്ടിയും കിഴിച്ചും നേതാക്കന്മാർ മുഖ്യമന്ത്രി കസേരക്കായുള്ള തയാറെടുപ്പിലാണ്. ഇപ്പോഴിതാ, വി ഡി സതീശന് പിന്തുണ നൽകി കൊണ്ട് രാഹുൽ ഗാന്ധിക്ക് തുറന്ന കത്ത് അയച്ചിരിക്കുകയാണ് സാംസ്കാരിക പ്രവർത്തകർ. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കിട്ടിയ വിജയം വി ഡി സതീശന്റെ കൈയ്യൊപ്പാണെന്നാണ് പ്രവർത്തകർ പറയുന്നത്. സതീശനെ പിന്തുണച്ചും കെ സി വേണുഗോപാലിനെ എതിർത്തുമാണ് കത്ത് നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രിപദവിയിലേക്ക് കെസി വേണുഗോപാൽ എത്തുമെന്ന റിപ്പോർട്ടുകൾ ജനാധിപത്യ മനസ്സുകളെ അസ്വസ്ഥമാക്കുന്നുവെന്നും എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ നിന്ന് പിന്മാറരുതെന്നും സാംസ്കാരിക പ്രവർത്തകർ അറിയിച്ചു. 47 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കെ സി വേണുഗോപാൽ വിഭാഗം അവകാശപ്പെടുമ്പോൾ, 16 എംഎൽഎമാർ തന്നോടൊപ്പമുണ്ടെന്ന് രമേശ് ചെന്നിത്തലയും കരുതുന്നുണ്ട്. ഒമ്പത് എംഎൽഎമാർ വി ഡി സതീശനെ പിന്തുണക്കുന്നുണ്ടെന്നാണ് വിവരം.




