മലപ്പുറം: പെരുമ്പടപ്പിൽ സ്ഥിരം കുറ്റവാളികളായ രണ്ട് പേർക്കെതിരെ കാപ്പ ചുമത്തി പോലിസ്. ഒരാളെ വിയൂർ ജയിലിൽ ആക്കുകയും അടുത്തയാൾക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
എരമംഗലം നാക്കോല സ്വദേശി അബ്ദുൽ സമദ് (36), പെരുമ്പടപ്പ് സ്വദേശി നവാസ് എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയിട്ടുള്ളത്. വധ ശ്രമം ഉൾപ്പെടെയുള്ള നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ് എരമംഗലം നാക്കോല ചങ്ങാനാത്ത് വീട്ടിൽ നവാസ്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പോലിസ് സ്റ്റേഷനിലും തൃശൂർ ജില്ലയിലെ ഗുരുവായൂർ സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകൾ ഉണ്ട്.
മലപ്പുറം ജില്ലാ പോലിസ് മേധാവി വിശ്വനാഥ് ആർ ഐ പി എസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ വിനോദ് വി ആർ ആണ് കരുതൽ തടങ്കലിന് ഉത്തരവിറക്കിയത്. കാപ്പ നിയമ പ്രകാരം അറെസ്റ്റ് ചെയ്ത ഇയാളെ വിയൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പെരുമ്പടപ്പ്, വടക്കേക്കാട് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ പെരുമ്പടപ്പ് കുന്നനയിൽ വീട്ടിൽ നവാസിനെതിരെ നാട് കടത്തൽ നടപടി സ്വീക്കരിച്ചിട്ടുണ്ട്.






