തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും പൊലീസ് സേനയെ അധിക്ഷേപിക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്ത സംഭവത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖയെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകും. നാളെ സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീലേഖ ഉൾപ്പെടെ 20 പേർക്ക് നോട്ടീസ് നൽകുന്നത്.
ആദ്യ ഘട്ടത്തിൽ ഈ കേസിൽ ശ്രീലേഖയെ ഒഴിവാക്കിയിരുന്നു. രണ്ട് കൗൺസിലർമാർ ഉൾപ്പെടെ നാല് പേരെയും കണ്ടാലറിയാവുന്ന 50 പേരെയും പ്രതികളാക്കി മാത്രമായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ശ്രീലേഖയെ ഒഴിവാക്കിയതിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. തുടർന്ന് പുതിയ റിപ്പോർട്ട് നെടുമങ്ങാട് കോടതിയിൽ സമർപ്പിക്കുകയും, ശ്രീലേഖ ഉൾപ്പെടെ 20 പേരെ കൂടി പ്രതികളാക്കി ചേർക്കുകയും ചെയ്തു. ഇപ്പോൾ കേസിന്റെ ഭാഗമായി എല്ലാവരെയും ചോദ്യം ചെയ്യാൻ പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.




