മലപ്പുറം: വേങ്ങരയില്‍ യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടിക്കെതിരെയാണ് പോലീസ് കേസെടുത്തത്. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, നിയമവിരുദ്ധമായി വിവാഹബന്ധം വേര്‍പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയാണ് മലപ്പുറം വനിതാ സെൽ കേസെടുത്തത്.
2023-ലാണ് യുവതിയും വീരാന്‍കുട്ടിയും വിവാഹിതരായത്. 40 ദിവസം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. ഇതിനുപിന്നാലെ ഗര്‍ഭിണിയായ യുവതി സ്വന്തംവീട്ടിലെത്തി. എന്നാല്‍, അന്നു മുതല്‍ ഭര്‍ത്താവ് വീരാന്‍കുട്ടി തന്നെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും കുഞ്ഞുണ്ടായിട്ടും യാതൊരു വിവരവും അന്വേഷിച്ചിട്ടില്ലെന്നുമാണ് യുവതിയുടെ പരാതിയിലുള്ളത്. ഇവര്‍ക്ക് 11 മാസം പ്രായമുളള പെൺകുഞ്ഞുണ്ട്.
യുവതിയുടെ കുടുംബം നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്. മധ്യസ്ഥര്‍ മുഖേന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഫോണിലൂടെ വീരാന്‍കുട്ടി മൊഴി ചൊല്ലിയത്. ഇയാള്‍ക്കെതിരെ യുവതി വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.






